പന്തളം നഗരസഭാ പ്രദേശത്ത് യാത്രാദുരിതം ഗ്രാമീണ റോഡുകൾ കാടുകയറി

പന്തളം: നഗരസഭാ പ്രദേശത്ത് ഗ്രാമീണ റോഡുകൾ കാടുകയറി ഇഴജന്തുക്കളുടെ താവളമാകുന്നതായി പരാതി. മഴക്കാലപൂർവ ശുചീകരണം വാർഡുകളിൽ ഇത്തവണ കാര്യമായി നടത്തുന്നില്ലെന്ന ആരോപണം ശക്തമാണ്. റോഡുകൾ മിക്കതും തകർന്ന നിലയിലാണ്. കാടുകൾ നീക്കം ചെയ്യുന്നതിന് തൊഴിലുറപ്പ് തൊഴിലാളികളോ നഗരസഭാ ജീവനക്കാരെയോ നിയോഗിക്കുന്നില്ല. വഴിവിളക്കുകൾ പ്രകാശിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. തവളംകുളം അമ്പലത്തനാൽ ചൂര റോഡിൽ പല ഇടങ്ങളിലും കാട്- വളർന്ന് പന്തലിച്ചു കിടക്കുന്നതായും പരാതിയുണ്ട്. ഈ റോഡിൽ കോളപ്പാട്ട് പടി ഭാഗത്ത് ആറുമാസങ്ങൾക്ക് മുമ്പ് പൊട്ടിയ വാട്ടർ അതോറിറ്റിയുടെ പൈപ്പുലൈനിന്റെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. റോഡിൽ വെള്ളം കെട്ടിക്കിടന്ന് റോഡുകളും തകർന്നു തുടങ്ങിയിട്ടുണ്ട്. കുടിവെള്ള പദ്ധതിയുടെ ഭാഗമായി വീടുകൾക്ക് കണക്ഷൻ നൽകിയ ഭാഗത്തെ പ്രശ്മാണിതെന്നും വീട്ടുകാർ ശരിയാക്കണമെന്നുമാണ് അധികൃതരുടെ വാദം. ആൾത്താമസമില്ലാതെ കിടക്കുന്നവീട്ടുകാരുടെ സ്ഥലത്തെ കാട് റോഡിലേക്ക് വളർന്ന് യാത്രക്കാർക്ക് ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. കെ.ഐ.പി കനാൽ കടന്നുപോകുന്ന ഭാഗങ്ങളിലും കാടുകൾ നടപ്പാതയിലേക്ക് വളർന്ന് കിടക്കുന്നതിനാൽ യാത്രക്കാർക്കുംസമീപമുള്ള വീട്ടുകാർക്കും ദുരിതമാണ്. നഗരസഭ അധികൃതർ പരിഹാരം കാണുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവ​ശ്യം.

Leave a Reply

Your email address will not be published. Required fields are marked *