400 മൂർഖൻ പാമ്പുകൾക്കൊപ്പം 40 ദിവസം ഒരു മുറിയിൽ; 6000 തേളുകൾക്കൊപ്പം 21 ദിനം

വീടിനുള്ളിൽ വച്ച് നിസ്സാരരായ പല്ലികളെയും പാറ്റകളെയും കണ്ട് അലറിവിളിച്ചോടുന്നവർക്ക് അലി ഖാൻ ഷംസുദ്ദീന്റെ ജീവിതവും മരണവുമെല്ലാം ഒരു അവിശ്വസനീയമായ മുത്തശ്ശിക്കഥയായി മാത്രമേ തോന്നൂ. കാരണം അവർക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത അതിസാഹസികതയോടെയാണ് അദ്ദേഹം 48 വയസ്സുവരെ ജീവിച്ചത്. മലേഷ്യയുടെ പാമ്പ് രാജാവെന്നാണ് അലി ഖാൻ ഷംസുദ്ദീൻ അറിയപ്പെട്ടിരുന്നത്. വെറുമൊരു കൗതുകത്തിന്റെ പുറത്തല്ല അദ്ദേഹം വിഷജന്തുക്കളുടെ ഉറ്റതോഴനായത്. മറിച്ച് അതു തന്റെ കുലത്തൊഴിലായതുകൊണ്ടു കൂടിയാണ്. ഇഴജന്തുക്കളെ സ്നേഹിച്ച അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെട്ടതും വിഷദംശമേറ്റാണ്. മാരക സർപ്പങ്ങളെ ചുംബിക്കുന്നതുൾപ്പെടെയുള്ള സാഹസികതകൾ അദ്ദേഹം ചെയ്തിരുന്നു.

കുലത്തൊഴിലിനെ രാജ്യാന്തര തലത്തിൽ വളർത്തി

വിഷപാമ്പുകളെ സ്നേഹിക്കാനുള്ള തീരുമാനത്തിലേക്ക് അലി ഖാൻ ഷംസുദ്ദീൻ എത്തിയത് യാദൃച്ഛികമായിരുന്നില്ല. കുടുംബത്തിലെ അഞ്ചു തലമുറയിൽപ്പെട്ടിരുന്നവർ പാമ്പുകളെ വളർത്തിയും അവയെ വച്ച് പ്രകടനം നടത്തിയുമാണ് ജീവിതച്ചെലവിനുള്ള വഴി കണ്ടെത്തിയിരുന്നത്. അദ്ദേഹത്തിന്റെ മുത്തശ്ശൻ മൗലാനാ ഖാൻ, പിതാവ് ദസ്തഗീർ ഹുസൈൻ എന്നിവർ പാമ്പുകളെ വളർത്തിയും അവയെ വച്ച് പ്രകടനം നടത്തിയും മലേഷ്യയിൽ പേരെടുത്തവരായിരുന്നു. സ്വാഭാവികമായും മുതിർന്നപ്പോൾ അലീഖാനും പരമ്പരാഗതമായ ഈ തൊഴിൽ ഏറ്റെടുത്തു.

എന്നാൽ വ്യത്യസ്തമായ കുലത്തൊഴിലിന്റെ സാധ്യതയെ മലേഷ്യയിൽ മാത്രമായി ഒതുക്കി നിർത്താൻ അലീഖാൻ ആഗ്രഹിച്ചില്ല. രാജ്യാന്തര തലത്തിലേക്ക് അതിനെ വളർത്താനും വലിയ സ്റ്റേജ്ഷോകൾ സംഘടിപ്പിക്കാനും അദ്ദേഹം മുൻകൈയെടുത്തു.

അതിസാഹസികത കൊണ്ട് റെക്കോർഡുകളിൽ ഇടം പിടിച്ചു

പാമ്പുകളെ പ്രദർശിപ്പിക്കുകയും പ്രകടനം നടത്തുകയുമൊക്കെ ചെയ്യുന്നത് തൊഴിലിന്റെ ഭാഗമായിരുന്നെങ്കിൽ ആരും ചെയ്യാൻ ഭയപ്പെടുന്ന അതിസാഹസിക കാര്യങ്ങൾ ചെയ്തുകൊണ്ടാണ് അലീഖാൻ ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചത്. 1990 ൽ മലേഷ്യയിലെ ഒരു കുടുസ്സു മുറിയിൽ 400 മൂർഖൻ പാമ്പുകൾക്കൊപ്പം 40 ദിവസമാണ് അലീഖാൻ കഴിഞ്ഞത്. 12 മണിക്കൂർ വീതം 40 ദിവസം അദ്ദേഹം വിഷപാമ്പുകൾക്കൊപ്പം കഴിഞ്ഞു. ഈ അതിസാഹസികത അദ്ദേഹത്തിന് നേടിക്കൊടുത്തത് പാമ്പ് രാജാവെന്ന വിശേഷണമാണ്. ഇതുകൊണ്ടും സാഹസിക പ്രവർത്തനങ്ങൾ നിർത്താൻ അലീഖാൻ ഒരുക്കമല്ലായിരുന്നു. 1997 ൽ 6000 വിഷത്തേളുകൾക്കൊപ്പം 21 ദിവസമാണ് അദ്ദേഹം കഴിഞ്ഞത്. ഈ സാഹസത്തിലൂടെ തേൾ രാജാവ് എന്ന വിശേഷണവും മറ്റൊരു ഗിന്നസ് റെക്കോർഡും അദ്ദേഹത്തിന് സ്വന്തമായി.

99 തവണ രക്ഷപെട്ടു, 100-ാം തവണ ദംശമേറ്റ് മരണം

ജീവനു തന്നെ അപകടമാണെന്നറിഞ്ഞിട്ടും കുലത്തൊഴിൽ തുടർന്ന അലീഖാന് കരിയറിലുടനീളം നിരവധി തവണ പാമ്പു കടിയേൽക്കേണ്ടി വന്നിട്ടുണ്ട്. 21-ാം വയസ്സിൽ ആദ്യമായി രാജവെമ്പാലയുടെ കടിയേറ്റു. ഏകദേശം 99 പ്രാവശ്യം കടിയേറ്റിട്ടും അദ്ദേഹം പാമ്പിൻ വിഷത്തെ അതിജീവിച്ചു. കാരണം വർഷങ്ങളായി തുടർച്ചയായി പാമ്പു കടിയേറ്റ് അദ്ദേഹത്തിന്റെ ശരീരം പാമ്പിൻ വിഷത്തെ പ്രതിരോധിക്കാനുള്ള ശേഷി ഒരു പരിധിവരെ ആർജ്ജിച്ചിരുന്നു. അതുകൊണ്ടു തന്നെ പാമ്പുകടിയെ ഗൗരവത്തോടെയെടുക്കുന്ന ശീലം അദ്ദേഹത്തിനില്ലായിരുന്നു.

പക്ഷേ ആ മനോഭാവം അദ്ദേഹത്തിനു തന്നെ വിനയായി. 2006 ജനുവരിയിൽ ക്വാലാലംപൂരിലെ തീയേറ്റർ റെസ്റ്റോറന്റിൽ വെച്ച് ഒരു പ്രകടനം നടത്തുന്നതിനിടയിലാണ് അദ്ദേഹത്തിന് വീണ്ടും രാജവെമ്പാലയുടെ കടിയേൽക്കുന്നത്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട രാജവെമ്പാല ഇടതുകൈയിൽ കടിച്ചു.

പതിവുപോലെ അദ്ദേഹം അതിനെ നിസാരവത്കരിക്കുകയും ചെയ്തു. പക്ഷേ 99 തവണയും അദ്ദേഹത്തെ തുണച്ച ഭാഗ്യം ഇക്കുറി അദ്ദേഹത്തിനൊപ്പമില്ലായിരുന്നു. 100-ാമത്തെ വിഷദംശം അദ്ദേഹത്തിന്റെ ജീവനെടുത്തു. മുൻപ് പലതവണ കടിയേറ്റിട്ടുള്ളതിനാൽ പതിവുപോലെ അദ്ദേഹം അത് കാര്യമാക്കിയില്ല, ആശുപത്രിയിൽ പോകാൻ കൂട്ടാക്കിയതുമില്ല. എന്നാൽ പ്രകൃത്യാലുള്ള പ്രതിരോധശേഷി ഇത്തവണ അദ്ദേഹത്തെ തുണച്ചില്ല. രണ്ട് ദിവസത്തിന് ശേഷം വിഷം ശരീരത്തിൽ ആകെ പടരുകയും നില വഷളാവുകയും ചെയ്തു. ഉടൻ തന്നെ ക്വാലാലംപൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ ലഭിക്കുന്നതിന് മുൻപ് 48-ാം വയസ്സിൽ അദ്ദേഹം മരണത്തിന് കീഴടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *