കുവൈത്തിൽ വൈദ്യുതി, ശുദ്ധജല പ്ലാന്റിനു നേരെ വീണ്ടും ഇറാൻ ആക്രമണം

കുവൈത്ത് സിറ്റി∙ കുവൈത്തിലെ വൈദ്യുതി ഉൽപാദന, ജല ശുദ്ധീകരണ കേന്ദ്രത്തിനു നേരെ രണ്ടു ദിവസത്തിനിടെ രണ്ടാമതും ഇറാന്റെ ആക്രമണം. ആക്രമണത്തെ തുടർന്ന് കേന്ദ്രത്തിൽ വൻ തീപിടിത്തമുണ്ടായതായി കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.

സംഭവത്തെ തുടർന്ന് ഒട്ടേറെ വൈദ്യുതി ഉൽപാദന കേന്ദ്രങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടു. പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനും വൈദ്യുതി വിതരണം സുഗമമാക്കുന്നതിനുമായി അധികൃതർ അടിയന്തര കർമപദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്.

രക്ഷാപ്രവർത്തകർ ഉടൻ തന്നെ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പൊലീസിന്റെയും മറ്റ് സുരക്ഷാ സേനകളുടെയും സഹകരണത്തോടെ മന്ത്രാലയത്തിലെ സാങ്കേതിക വിദഗ്ധർ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നാശനഷ്ടങ്ങൾ വിലയിരുത്താനും തകരാറിലായ സംവിധാനങ്ങൾ എത്രയും വേഗം പൂർവസ്ഥിതിയിലാക്കാനും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടപടികൾ പുരോഗമിക്കുകയാണ്.

വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാനും ശൃംഖലയുടെ സുസ്ഥിരത നിലനിർത്താനും സാങ്കേതിക വിഭാഗം രാപ്പകൽ ഭേദമന്യേ പ്രവർത്തിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. വിതരണത്തെ ബാധിക്കാതിരിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും വൈദ്യുതി ശൃംഖലയുടെ സൂചകങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *