ഭരണകൂടത്തെയോ അതിന്റെ ഭീഷണികളെയോ അൽപംപോലും ഭയക്കാത്ത ഒരുകൂട്ടം യുവാക്കൾ. രാജ്യത്തിന്റെ ഭാവിയും ഭാഗധേയവും നിർണയിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന വിദ്യാർഥികൾക്ക് നേരെ അനീതിയുണ്ടായപ്പോൾ അതിനെതിരേ രംഗത്തെത്തിയവർ. കോക്രോച്ച് ജനതാ പാർട്ടിക്കാർ, അഥവാ ജെൻസിക്കാർ ഉയർത്തിയ പ്രതിഷേധവും സമരവും ഇന്ന് ഇന്ദ്രപ്രസ്ഥത്തെയാകെ ഉലച്ചുമറിച്ചിരിക്കുകയാണ്.
ജൻ-സികൾ ഉന്നയിച്ച വിഷയം, അതിന്റെ തീവ്രത, അതിനെ സർക്കാർ നേരിട്ട രീതി ഇവ ഇന്ത്യൻരാഷ്ട്രീയത്തിൽ വലിയചർച്ചകൾക്കാണ് വഴിതെളിച്ചിട്ടുള്ളത്. അതിനേക്കാളേറെ, ഇതുവരെ മടിച്ചുനിന്ന രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾക്ക് വിഷയം ഏറ്റെടുക്കാതിരിക്കാൻ കഴിയാത്ത വിധത്തിലേക്ക് അവർ ഉയർത്തിയ പ്രതിഷേധം രാജ്യത്തെ പിടിച്ചുലയ്ക്കുകയും ചെയ്തു. അതാണ് ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
ജൂൺ ആറാം തീയതിയാണ് കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിലെ ജന്തർ മന്ദറിൽ നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച വിഷയത്തിൽ സമരം ആരംഭിച്ചത്. ചോദ്യപേപ്പർ ചോർച്ചയിൽ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക എന്നതായിരുന്നു ആവശ്യം. പരിസ്ഥിതി-സാമൂഹികപ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാരസമരം ആരംഭിച്ചു. ഇരുപതുദിവസം പിന്നിട്ടിട്ടും നടപടിയൊന്നും സ്വീകരിക്കാത്ത സർക്കാർ 22-ാം ദിവസം പക്ഷേ അദ്ദേഹത്തെ ബലംപ്രയോഗിച്ച് ആശുപത്രിയിലാക്കി. സമരത്തെ നേരിടാൻ സർക്കാർ ഒരുങ്ങുന്നുവെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു അത്.
തിങ്കളാഴ്ച സിജെപിയുടെ നേതൃത്വത്തിൽ യുവാക്കൾ നടത്തിയ പാർലമെന്റ് മാർച്ച് വലിയസംഘർഷത്തിന് സാക്ഷ്യംവഹിച്ചു. ഉച്ചയ്ക്ക് 12-ഓടെ ആയിരക്കണക്കിനാളുകളാണ് മുദ്രാവാക്യംവിളികളുമായി പാർലമെന്റിന് തൊട്ടടുത്തെത്തിയത്. പാർലമെന്റിന്റെ മുഴുവൻ കവാടങ്ങളും മൂന്നുമണിക്കൂറിലേറെ അടച്ചിട്ടായിരുന്നു സർക്കാർ, സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കിയത്. 2001-ലെ പാർലമെന്റ് ഭീകരാക്രമണത്തിനുശേഷം ഇതാദ്യമായിട്ടായിരുന്നു പാർലമെന്റ് കവാടങ്ങൾ മുഴുവനും മണിക്കൂറുകൾ അടച്ചിടുന്നത്.
പ്രതിഷേധക്കാർ അടുത്തെത്തിയതോടെ അകത്തുണ്ടായിരുന്ന സുരക്ഷാസേനാംഗങ്ങൾ പാർലമെന്റിന്റെ വിവിധ കവാടങ്ങളിലേക്ക് കുതിച്ചു. പ്രതിഷേധക്കാർ പാഞ്ഞടുത്തതോടെ റെയിൽഭവന് സമീപം പോലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു. ഒരുമണിക്കൂറോളം പാർലമെന്റിന് പുറത്ത് കണ്ണീർവാതക പ്രയോഗമുണ്ടായി. പിന്നീട് പ്രതിഷേധക്കാരെ പാർലമെന്റിന് സമീപത്തുനിന്ന് തുരത്തിയോടിച്ച് മണിക്കൂറുകൾക്കുശേഷമാണ് കവാടങ്ങൾ തുറന്നത്. തിങ്കളാഴ്ച രാവിലെമുതൽ ജന്തർമന്തർ, പാർലമെന്റ് പരിസരങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങളും സർക്കാരിന്റെ നിർദേശപ്രകാരം ടെലികോം കമ്പനികൾ നിർത്തിവെച്ചിരുന്നു.