ഇറാൻ തീരത്ത് എൽ.പി.ജി ടാങ്കറിനു നേരെ ആക്രമണം

ന്യൂഡൽഹി: ഇറാനിയൻ സമുദ്രാതിർത്തിയിൽ ആക്രമണത്തിനിരയായ മൊസാംബിക് പതാക വഹിച്ചുള്ള ‘ദിശ’ എൽ.പി.ജി ടാങ്കറിലെ 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്ന് തെഹ്‌റാനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ജൂലൈ 24ന് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്.

സംഭവത്തെക്കുറിച്ച് വ്യക്തമായ വിവരമുണ്ടെന്നും കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട പ്രാദേശിക അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തിവരികയാണെന്നും എംബസി അറിയിച്ചു. മേഖലയിലെ നിലവിലെ സ്ഥിതിഗതികൾ എംബസി സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.

യു.എസ്-ഇറാൻ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഈ ആക്രമണം നടന്നിട്ടുള്ളത്. ഇത് വാണിജ്യ കപ്പലുകളുടെ സുരക്ഷയെക്കുറിച്ചും സമുദ്ര സഞ്ചാര പാതകളെക്കുറിച്ചും വൻ ആശങ്ക ഉയർത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കരിങ്കടലിൽ വാണിജ്യ കപ്പലിനു നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടിരുന്നു. ജൂലൈ 18ന് റഷ്യൻ സമുദ്രാതിർത്തിയിലൂടെ സഞ്ചരിക്കുകയായിരുന്ന ‘എം.വി ഒമോർഫി’ എന്ന കപ്പലിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മൂന്ന് ഇന്ത്യക്കാരുൾപ്പെടെ 10 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും ബാക്കി രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു. സമുദ്ര സുരക്ഷക്കും അന്താരാഷ്ട്ര വാണിജ്യത്തിനും വലിയ ഭീഷണിയുയർത്തുന്ന ഈ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. റഷ്യയിലെ ഇന്ത്യൻ മിഷൻ ബന്ധപ്പെട്ട അധികൃതരുമായി ബന്ധപ്പെട്ട് വരികയാണെന്നും ദുരന്തത്തിനിരയായ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വാണിജ്യ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനും സിവിലിയൻ ജീവനക്കാരെ സംരക്ഷിക്കാനും അന്താരാഷ്ട്ര നിയമങ്ങളും ഉത്തരവാദിത്തങ്ങളും പാലിക്കാൻ എല്ലാ കക്ഷികളോടും വിദേശകാര്യ മന്ത്രാലയം അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *