കേരള പി.എസ്.സി. പരീക്ഷാ തട്ടിപ്പ് പാറ്റകൾ കേരളത്തിലും വരുമോ

തിരുവനന്തപുരം: രാജ്യത്തെ നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ ഉയര്‍ത്തിക്കാട്ടി തെരുവുകളില്‍ ബഹളമുണ്ടാക്കിയ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും സ്വന്തം മൂക്കിന് താഴെ നടന്ന കേരള പി.എസ്.സി. പരീക്ഷാ തട്ടിപ്പില്‍ നിശബ്ദത പാലിക്കുന്നത് വ്യാപക പ്രതിഷേധത്തിന് വഴിവെക്കുന്നു. ദേശീയതലത്തിലുള്ള പരീക്ഷാ തട്ടിപ്പുകള്‍ക്കെതിരെ മാളങ്ങളില്‍ നിന്ന് ഇറങ്ങി സമരം നയിക്കുന്ന ‘കോക്രോച്ച് പാര്‍ട്ടികള്‍’ കേരളത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ ജീവിതംവെച്ച് പന്താടിയ ഈ വന്‍ തട്ടിപ്പില്‍ എന്ന് തെരുവിലിറങ്ങുമെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ ആസൂത്രണ ബോര്‍ഡിലേക്കുള്ള പരീക്ഷാ നടത്തിപ്പില്‍ അങ്ങേയറ്റം ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്. എന്നിട്ടും, സാന്മാര്‍ഗിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാന്‍ പോലും തയ്യാറാകാതെ, കസേരയില്‍ കടിച്ചൂതുകി കിടക്കുകയാണ് പി.എസ്.സി. ചെയര്‍മാന്‍. ദേശീയതലത്തില്‍ പരീക്ഷാ ക്രമക്കേട് നടക്കുമ്പോള്‍ തെരുവില്‍ സമരം നയിക്കുന്ന രാഷ്ട്രീയ നാടകക്കാര്‍, കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ച ഈ സംഭവത്തില്‍ കടുത്ത ഇരട്ടത്താപ്പാണ് പുലര്‍ത്തുന്നത്. മുഖ്യമന്ത്രി വിഡി സതീശന്‍ പോലും ഡല്‍ഹി സമരത്തില്‍ പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ പി എസ് സിയില്‍ ശക്തമായ നടപടികള്‍ വിഡി സതീശന്‍ എടുക്കേണ്ടതുണ്ട്.

സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഉന്നത തസ്തികകളിലേക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ പരീക്ഷയിലാണ് തികച്ചും ആസൂത്രിതമായ രീതിയില്‍ വന്‍ ക്രമക്കേടുകള്‍ നടന്നത്. പരീക്ഷാ പ്രക്രിയയുടെ ആദ്യഘട്ടം മുതല്‍ അവസാന ഘട്ടം വരെ അഴിമതിയും സുതാര്യതയില്ലായ്മയും കൊടുകുത്തി വാഴുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിജിലന്‍സ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്. യോഗ്യരായ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ ഭാവി ഇരുളടഞ്ഞ അവസ്ഥയിലാണ്. സമാനമായി പല റാങ്കു ലിസ്റ്റുകളും സംശയ നിഴലിലാണ്. പരീക്ഷാ നടത്തിപ്പിലെ ദുരൂഹതകളെക്കുറിച്ച് അന്വേഷണം നടത്തിയ ആഭ്യന്തര വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാനിരിക്കെ, വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. ആഭ്യന്തര വിജിലന്‍സ് എസ്.പി.യുടെ നേരിട്ടുള്ള നേതൃത്വത്തില്‍ നടന്ന വിശദമായ തെളിവെടുപ്പിലാണ് ക്രമക്കേടുകള്‍ ഓരോന്നായി പുറത്തുവന്നത്.

പരീക്ഷാ കേന്ദ്രങ്ങളുടെ നടത്തിപ്പിലും ചോദ്യപേപ്പര്‍ കൈകാര്യം ചെയ്തതിലും ഒപ്പുവെച്ച നടപടിക്രമങ്ങളിലുമെല്ലാം ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തലുകള്‍ ഉറപ്പിക്കുന്നു.വെറുമൊരു സാങ്കേതിക പിഴവല്ല, മറിച്ച് വ്യക്തമായ ആസൂത്രണത്തോടെ നടന്ന അഴിമതിയാണിതെന്ന് വിജിലന്‍സ് വിലയിരുത്തുന്നു. പരീക്ഷാ ബോര്‍ഡിലെയും പി.എസ്.സി.യിലെയും ഉന്നത ഉദ്യോഗസ്ഥരുടെ അറിവും പങ്ക് ഇല്ലാതെ ഇത്രയും വിപുലമായ രീതിയില്‍ ക്രമക്കേട് നടത്താന്‍ സാധിക്കില്ലെന്നാണ് നിഗമനം. അതുകൊണ്ടുതന്നെ, ഉന്നത ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം വേണമെന്നും വിജിലന്‍സ് എസ്.പി. തങ്ങളുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. ദേശീയ തലത്തില്‍ എന്‍.ടി.എ. നടത്തിയ നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ക്ക് സമാനമായ സാങ്കേതിക-ഭരണപരമായ അഴിമതി തന്നെയാണ് കേരളത്തിലെ പി.എസ്.സി.യിലും നടന്നിരിക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ച, ക്രമവിരുദ്ധമായ മാര്‍ക്ക് ദാനം, സ്വാധീനമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വഴിവിട്ട സഹായം എന്നിവയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വിശ്വസ്തതയും സുതാര്യതയും പുലര്‍ത്തേണ്ട ഭരണഘടനാ സ്ഥാപനം അഴിമതിയുടെ ആസ്ഥാനമായി മാറിയ കാഴ്ചയാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *