പാലക്കാട് : കേരളത്തില്‍നിന്നു കാണാതായ ബിഹാര്‍ സ്വദേശിനിയായ പതിനാറുകാരിയെ ഉത്തരേന്ത്യയില്‍ചെന്ന് കണ്ടുപിടിച്ച്് കേരളാ പോലീസ്. മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത വാളയാര്‍ പോലീസാണ് വെറുമൊരു ഫോണ്‍ കോളിന്റെ തുമ്പുപിടിച്ച് ഉത്തരേന്ത്യയിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്നു പെണ്‍കുട്ടിയെ തെരഞ്ഞുപിടിച്ച് തിരിച്ചെത്തിച്ചത്. കഴിഞ്ഞമാസം അവസാന ആഴ്ചയിലാണ് കഞ്ചിക്കോട് ഭാഗത്ത് താമസിക്കുന്ന ബിഹാര്‍ സ്വദേശികളുടെ നാലു മക്കളില്‍ മൂത്തമകളെ കാണാതായത്.
മാതാപിതാക്കളും നാലുമക്കളും പിതാവിന്റെ അമ്മയുമാണ് കഞ്ചിക്കോട് കഴിഞ്ഞിരുന്നത്. കടയില്‍ പോയിവരാമെന്ന് പറഞ്ഞിറങ്ങിയ കുട്ടി പിന്നെ തിരിച്ചെത്തിയില്ല. പിറ്റേന്ന് രാവിലെയാണ് പരാതിയുമായി രക്ഷിതാക്കളെത്തിയത്. മുത്തശിയുടെ ഫോണും എടുത്താണ് പോയതെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. രണ്ടുമാസം മുമ്പ് പെണ്‍കുട്ടി ഒറ്റയ്ക്കാണ് ബിഹാറില്‍നിന്നു കഞ്ചിക്കോട്ടെത്തിയത്.അതുകൊണ്ടുതന്നെ ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള സാധ്യതയും പോലീസ് പരിശോധിച്ചു.
മുത്തശിയുടെ ഫോണില്‍ നിന്നുള്ള ഒരു ഫോണ്‍ വിളി കേന്ദ്രീകരിച്ചായി അന്വേഷണം. അങ്ങനെ പാലക്കാട് ഐ.ഐ.ടിയില്‍ നിര്‍മാണ ജോലിക്കെത്തിയ ഉത്തര്‍പ്രദേശ് സ്വദേശിയെ ബന്ധപ്പെട്ടു. അയാള്‍ മുഖേന ഒരു സുഹൃത്തിനെ വിളിച്ചതായി വിവരം ലഭിച്ചു. അവരില്‍നിന്നു ലഭിച്ച മറ്റൊരു നമ്പറിലേക്ക് ഒരു ഫോണ്‍ വിളി പോയിട്ടുണ്ടെന്ന സാധ്യത മാത്രം മുന്‍നിര്‍ത്തി വാളയാര്‍ സ്‌റ്റേഷനിലെ എ.എസ്.ഐ. എച്ച്. മുഹമ്മദ് ഷെരീഫും, എസ്.സി.പി.ഒ. ആര്‍. രഘുവും പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും കൂട്ടി ഉത്തരേന്ത്യയിലേക്ക് തിരിക്കുകയായിരുന്നു.
നാലും രണ്ടും വയസുള്ള കൈകുഞ്ഞുങ്ങളുമായാണ് മാതാപിതാക്കള്‍ യാത്രയ്‌ക്കെത്തിയത്. പ്രയാഗ് രാജിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ ഫത്തേപ്പൂര്‍ ജില്ലയിലെ കാഗാ പോലീസ് സ്‌റ്റേഷനിലെത്തി അവിടത്തെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ലാക്കിപ്പൂര്‍ എന്ന സ്ഥലത്തെത്തി. ഗ്രാമത്തലവനെ കണ്ട് ട്രാക്ക് ചെയ്തിരുന്ന വീടിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കേരളത്തില്‍ നിന്നുള്ളവരില്ലെന്നായിരുന്നു മറുപടി. അതില്‍ തൃപ്തരാവാതെ പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടി ബിഹാര്‍ സ്വദേശിനിയായതിനാലാണ് ഗ്രാമത്തിലുള്ളവര്‍ കേരളത്തില്‍നിന്നുള്ളവര്‍ ഇല്ലെന്നു പറഞ്ഞത്. അങ്ങനെ എട്ടുദിവസത്തോളം നീണ്ട യാത്രയ്‌ക്കൊടുവില്‍ പെണ്‍കുട്ടിയെ പാലക്കാട്ടെത്തിച്ചു.
വാളയാര്‍ പോലീസിലെ എ.എസ്.ഐ. പി.എച്ച്. നൗഷാദാണ് മൊബൈല്‍ നമ്പറുകള്‍ പരിശോധിച്ച് അന്വേഷണത്തിന് വഴിത്തിരിവുണ്ടാക്കിയത്. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയയച്ചു. കസബ സി.ഐ. എന്‍.എസ്. രാജീവും വാളയാര്‍ എസ്.ഐ. വി. ഹേമലതയുമാണു കേസിന് മേല്‍നോട്ടം വഹിച്ചത്.
ഫോണ്‍കോളിന്റെ തുമ്പുപിടിച്ച് കാണാതായ പെണ്‍കുട്ടിയെ തിരിച്ചുപിടിച്ചു ; കണ്ടെത്തിയത് ഉത്തരേന്ത്യയിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്നും ; കേരളാപോലീസിന്റെ മറ്റൊരു വിജയഗാഥ