കാസർകോട്: നീലേശ്വരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് അപകടം. തുടർന്ന് പൊട്ടിവീണ പ്ലാറ്റ്ഫോമിൽ കുടുങ്ങി യാത്രക്കാരിയ്ക്ക് പരിക്കേറ്റു. നീലേശ്വരം അഴിത്തല ബോട്ട് ജെട്ടിക്ക് സമീപത്തെ മത്സ്യത്തൊഴിലാളി മുഹമ്മദ് കുഞ്ഞിയുടെ മകൾ കുഞ്ഞായിഷയ്ക്കാണ് (39) പരിക്കേറ്റത്. ഇവരുടെ ഇടതുകാലിന്റെ എല്ലിന് പൊട്ടലുണ്ടെന്നാണ് വിവരം.
കഴിഞ്ഞദിവസം വൈകിട്ട് പയ്യന്നൂരിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന ബസിലാണ് അപകടം. ബസ് പടന്നക്കാട് ഐങ്ങോത്ത് കഴിഞ്ഞപ്പോൾ വലിയ ശബ്ദത്തിൽ ടയർ പൊട്ടുകയും പിന്നാലെ പ്ലാറ്റ്ഫോം തകരുകയുമായിരുന്നു.
ഈ സമയം ബസിന്റെ പിന്നിലെ ടയറിന്റെ മുകൾഭാഗത്തെ സീറ്റിൽ ഇരിക്കുകയായിരുന്നു കുഞ്ഞായിഷ. ഫ്ലാറ്റ്ഫോം തകർന്നതിന് പിന്നാലെ കുഞ്ഞായിഷയുടെ കാൽ കുടുങ്ങുകയായിരുന്നു. തുടർന്ന് പരിക്കേറ്റ കുഞ്ഞായിഷയെ ബസ് ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ കാഞ്ഞങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ചു: പിന്നാലെ പൊട്ടിവീണ പ്ലാറ്റ്ഫോമിൽ കുടുങ്ങി യാത്രക്കാരിക്ക് പരിക്ക്