തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബി.ജെ.പി കൗൺസിലർ ആ.സുഗതന് അനുകൂലമായി ജയിൽ വകുപ്പ് കത്ത് നൽകിയതിൽ അതൃപ്തി അറിയിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. അയോഗ്യത ഒഴിവാക്കാനുള്ള മാർഗം നിർദ്ദേശിച്ച് കത്ത് നൽകിയ സംഭവം അന്വേഷിക്കും. ഈ വിഷയത്തിൽ കൃത്യമായ പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജയിൽ സൂപ്രണ്ട് മുഖേന കോർപ്പറേഷൻ കൗൺസിലിന് സുഗതന് അവധി അപേക്ഷ സമർപ്പിക്കാൻ അനുവാദം നൽകിക്കൊണ്ടുള്ളതായിരുന്നു ജയിൽ വകുപ്പിന്റെ കത്ത്. സുഗതന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാനാവില്ലെന്നും അയോഗ്യത വരാതിരിക്കാൻ അവധി അപേക്ഷ നൽകി വോട്ടിനിട്ട് പാസാക്കിയെടുത്താൽ മതിയെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. ഇതനുസരിച്ച് കൗൺസിൽ യോഗത്തിൽ സുഗതന്റെ അവധി അപേക്ഷ അവതരിപ്പിക്കുകയും 51 പേരുടെ പിന്തുണയോടെ അംഗീകരിക്കുകയും ചെയ്തു. യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധവുമായി എത്തിയെങ്കിലും മേയർ വി.വി. രാജേഷ് ആഭ്യന്തര വകുപ്പിന്റെ കത്ത് ഉയർത്തിക്കാട്ടിയാണ് അതിനെ പ്രതിരോധിച്ചത്.
അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നേണ്ടി അണ്ടർ സെക്രട്ടറി ഒപ്പിട്ട ഈ കത്ത് പുറത്തിറങ്ങിയത് ആഭ്യന്തരമന്ത്രി അറിയാതെയാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. സുഗതന് സഹായകമാകുന്ന തരത്തിൽ ഇത്തരത്തിലൊരു കത്ത് എങ്ങനെ തയ്യാറാക്കപ്പെട്ടു എന്നതിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി പറഞ്ഞു.