കാസർകോട്: ബേക്കൽ മൗവ്വലിൽ വൈദ്യുതി ലൈനിൽ തട്ടി റഫ്രിജറേറ്ററുകളുമായി പോവുകയായിരുന്ന കൂറ്റൻ കണ്ടെയ്നർ ലോറിയിൽ തീപ്പിടിത്തം. ലോറിയിലുണ്ടായിരുന്ന അമ്പതോളം വലിയ റഫ്രിജറേറ്ററുകളിൽ 30ലേറെയും പൂർണമായി കത്തിനശിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.
കോഴിക്കോടുനിന്ന് കർണാടകയിലെ ഉടുപ്പിയിലേക്ക് റഫ്രിജറേറ്ററുകളുമായി പോകുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ബേക്കൽ മേൽപ്പാലത്തിന്റെ അറ്റകുറ്റപ്പണികളുടെ ഭാഗമായി തീരദേശ സംസ്ഥാന പാതയിലെ ഗതാഗതം തിരിച്ചുവിട്ടിരുന്നു. തുടർന്ന് പാലക്കുന്ന്–മൗവ്വൽ കണക്ഷൻ റോഡ് വഴി പള്ളിക്കര ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ലോറി റോഡിന് കുറുകെയുണ്ടായിരുന്ന വൈദ്യുതി ലൈനിൽ തട്ടിയത്.
വൈദ്യുതി പ്രവഹിച്ചതോടെ ലോറിയിൽ ഉടൻ തീപിടിച്ചു. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവറും ക്ലീനറും വാഹനം നിർത്തി പുറത്തേക്ക് ചാടിയതിനാൽ ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഞ്ച് അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ ജെസിബിയുടെ സഹായത്തോടെ കണ്ടെയ്നറിന്റെ വശങ്ങൾ വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ലോറിയുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്ന റഫ്രിജറേറ്റർ ബോക്സുകൾ ഓരോന്നായി പുറത്തെടുത്ത് വെള്ളം ചീറ്റിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഏകദേശം ഒന്നര മണിക്കൂർ നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായി അണച്ചത്.
ബേക്കലിൽ വൈദ്യുതി ലൈനിൽ തട്ടി കണ്ടെയ്നർ ലോറിയിൽ തീപ്പിടിത്തം; 30ലേറെ റഫ്രിജറേറ്ററുകൾ കത്തിനശിച്ചു