മൂവാറ്റുപുഴ ∙ പശ്ചിമഘട്ട വനമേഖലകളിൽ അപൂർവമായി കണ്ടുവരുന്ന ‘മൂട്ടിപ്പഴം’ (മൂട്ടിപ്പുളി) സ്വന്തം കൃഷിയിടത്തിൽ സമൃദ്ധമായി വിളയിച്ചെടുത്ത് ആവോലി പനേലിൽ പി.ജെ. മാത്യുവെന്ന പരമ്പരാഗത കർഷകൻ. തടി മുതൽ മരത്തിന്റെ ശിഖരങ്ങൾ വരെ നിലം മുട്ടി കുലകുലയായി പഴങ്ങൾ നിറഞ്ഞുനിൽക്കുന്ന കാഴ്ച കാണാൻ ഒട്ടേറെപ്പേരാണ് മാത്യുവിന്റെ കൃഷിയിടത്തിലേക്ക് എത്തുന്നത്. തവിട്ടു കലർന്ന ചുവപ്പുനിറത്തിൽ, നെല്ലിക്കയുടെ വലിപ്പത്തിൽ കാണപ്പെടുന്ന ഈ പഴത്തിന് പുളിയും മധുരവും ചവർപ്പും കലർന്ന പ്രത്യേക രുചിയാണ്.
വൈറ്റമിൻ സിയുടെ കലവറയായ പഴം ശരീരോഷ്മാവ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും രക്തശുദ്ധി വരുത്താനും ഏറെ ഉത്തമമാണെന്നു പറയപ്പെടുന്നു. മൃദുവായ പുറംതോട് നീക്കി ഉള്ളിലെ മാംസളമായ ഭാഗമാണ് സാധാരണ കഴിക്കുന്നത്. തോട് ഉൾപ്പെടെ ഉപയോഗിച്ച് അച്ചാർ, വൈൻ, ജ്യൂസ് എന്നിവയും നിർമ്മിക്കാറുണ്ട്. കരടി, മാൻ, കുരങ്ങ് തുടങ്ങിയ കാട്ടുമൃഗങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണ് മൂട്ടിപഴം. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് മൂട്ടിപ്പഴത്തിന്റെ സീസൺ.
ശിഖരങ്ങളിൽ കാപ്പിപ്പൊടി നിറത്തിൽ പൂക്കൾ ഉണ്ടാകും. പ്രത്യേക പരിപാലനമില്ലാതെ വളരുന്ന ഈ മരം നിറയെ ചുവന്ന ബൾബുകളുടെ പ്രകാശം പോലെ പഴം തിളങ്ങിനിൽക്കുന്നത് ചേതോഹരമായ കാഴ്ചയാണ്. കിലോയ്ക്ക് 650 രൂപ വരെയാണു വിപണിയിൽ വില.
കാട്ടിലെ മൂട്ടി വീട്ടിലെ മധുരം
തടിയോടു ചേർന്ന് ചുവപ്പുനിറത്തിൽ കുലകളായുണ്ടാകുന്ന ഈ പഴങ്ങൾ ഒറ്റ നോട്ടത്തിൽ മനം കവരും. പുറന്തോടിനുള്ളിലെ മാംസളമായ ഭാഗം ഭക്ഷിക്കാം. ഏറ്റവും ഉള്ളിലായാണ് കുരുവുള്ളത്. അലങ്കാരത്തിനു മാത്രമല്ല ആരോഗ്യത്തിനും ഇത് നല്ലതാണ്. ആദിവാസികൾ ഉദരരോഗങ്ങൾക്കും ത്വക്ക് രോഗങ്ങൾക്കുമുള്ള ചികിത്സയിൽ മൂട്ടിപ്പഴം ഉപയോഗപ്പെടുത്താറുണ്ട്. കൊളസ്േട്രാൾ കുറയ്ക്കാൻ കഴിയുന്ന ഘടകങ്ങൾ ഇതിലുള്ളതായി അടുത്ത കാലത്ത് നടന്ന ചില ശാസ്ത്രീയപഠനങ്ങളിലും കണ്ടെത്തി. ശാസ്ത്രനാമം ബെക്കുറ കുറ്റാലലെൻസിസ് എന്നാണ്.
ആന, കുരങ്ങ്, മാൻ, കരടി തുടങ്ങിയ കാട്ടുമൃഗങ്ങൾക്ക് ഇവ ഏറെ ഇഷ്ടമാണ്. പഴങ്ങൾ പാകമായാൽ ഈ മൃഗങ്ങൾ കാട്ടിലെ മൂട്ടിമരങ്ങൾക്കു സമീപം തന്നെ കാണും. മൂട്ടിപ്പഴത്തിന് പൊതുവേ പുളി കലർന്ന മധുരരസമാണുള്ളത്. ചെറിയ കയ്പുള്ള ഇനവുമുണ്ട്. ഇതിന് ഔഷധഗുണം കൂടുതലാണ്. പരമാവധി 15 മീറ്റർ ഉയരത്തിൽ വളരുന്ന മൂട്ടി ഫെബ്രുവരിയിലാണ് പുഷ്പിക്കുക. ജൂൺ– ജൂലൈ മാസങ്ങളിൽ പഴം വിളവെടുപ്പിനു പാകമാകും. ആൺമരങ്ങളുടെ സാന്നിധ്യമുണ്ടെങ്കിൽ മാത്രമേ പെൺമരങ്ങളിൽ കായ്പിടിക്കാറുള്ളൂ.