വാഷിങ്ടൻ∙ യുഎസിൽനിന്നൊരു ഡിഗ്രി, ശേഷം അവിടെത്തന്നെ ജോലി. – ഈ സ്വപ്നം കാണുന്ന ഇന്ത്യൻ വിദ്യാർഥികൾ കഠിനാധ്വാനം മാത്രമല്ല, ഇനി ഒരു ലക്ഷം ഡോളർ (ഏകദേശം 95 ലക്ഷം രൂപ) കൂടിയുണ്ടാക്കാനുള്ള വഴി കണ്ടെത്തേണ്ടി വരും. ബിരുദത്തിനു ശേഷം യുഎസിൽത്തന്നെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർഥികൾക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്താനൊരുങ്ങുന്ന ഫീസാണ് ഒരു ലക്ഷം ഡോളർ. തീരുമാനം നടപ്പിലായാൽ ഒട്ടേറെ ഇന്ത്യൻ വിദ്യാർഥികൾക്ക് ഇത് തിരിച്ചടിയാകും. വിദേശ വിദ്യാർഥികൾക്കായി നിലവിലുള്ള ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (ഒപിടി) എന്ന വർക്ക് പെർമിറ്റിന് ഫീസ് ഏർപ്പെടുത്താൻ യുഎസ് ആലോചിക്കുന്നതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടു ചെയ്തു. അതേസമയം ഇക്കാര്യത്തിൽ വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നിലവിൽ യുഎസിൽ ബിരുദ പഠനത്തിനെത്തുന്ന വിദേശ വിദ്യാർഥികൾക്ക് പഠനം കഴിഞ്ഞ് ഒരു വർഷം വരെ മറ്റ് വീസകളില്ലാതെ ജോലി ചെയ്യാൻ ഒപിടി അനുവദിക്കുന്നുണ്ട്. സയൻസ്, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതം തുടങ്ങിയ പ്രധാന മേഖലകളിലെ വിദ്യാർഥികൾക്ക് മൂന്നു വർഷം വരെയും ജോലി ചെയ്യാം. ഈ കാലയളവിനു ശേഷം മാത്രമേ അമേരിക്കയിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന എച്ച്1 ബി വീസയുടെ ആവശ്യം വരുന്നുള്ളൂ. എന്നാൽ പുതിയ പദ്ധതി പ്രകാരം, ഒപിടി ലഭിക്കാൻ വിദ്യാർഥികൾക്ക് ഒരു ലക്ഷം ഡോളർ നൽകേണ്ടി വരും. ഭൂരിഭാഗം ഇന്ത്യന്‍ കുടുംബങ്ങൾക്കും ഒരു കോടിയോളം രൂപയെന്ന ബാലികേറാമലയാണ്. നേരത്തെ, പുതിയ എച്ച്1 ബി വീസ അപേക്ഷകർക്കും യുഎസ് ഒരു ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിയിരുന്നു. ഇതും ഇന്ത്യൻ പ്രഫഷണലുകൾക്ക് വൻ തിരിച്ചടിയായി. യുഎസിലെ നാലിൽ മൂന്ന് എച്ച് 1 ബി വീസക്കാരും ഇന്ത്യൻ വംശജരാണെന്നാണ് കണക്ക്. അതേസമയം, എച്ച് 1 ബി വീസ അപേക്ഷയ്ക്ക് ഫീസ് ഏർപ്പെടുത്തിയത് ബോസ്റ്റണിലെ ഫെഡറൽ അപ്പീൽ കോടതി തടഞ്ഞിട്ടുണ്ട്. അതോടെ ഇതേ ലക്ഷ്യം നേടാനുള്ള കുറുക്കുവഴിയായാണ് ഒപിടിക്ക് ഫീസ് ഏർപ്പെടുത്തുന്നത് എന്നാണ് വിലയിരുത്തൽ. എന്നാൽ, ഒപിടി ദുരുപയോഗം ചെയ്യാതിരിക്കാനും വിസത്തട്ടിപ്പ് തടയാനും കഴിവുറ്റവരെ തിരഞ്ഞെടുക്കാനുമാണ് ഫീസ് ഏർപ്പെടുത്തുന്നതെന്നാണ് യുഎസ് ഉദ്യോഗസ്ഥർ പറയുന്നത്.
ഓപ്പൺ ഡോർസ് റിപ്പോർട്ട് പ്രകാരം, 2024–25ൽ 3.63 ലക്ഷം ഇന്ത്യൻ വിദ്യാർഥികളാണ് യുഎസിലെ വിവിധ സ്ഥാപനങ്ങളിലായി പഠനത്തിന് ചേർന്നിട്ടുള്ളത്. യുഎസിൽ പഠിക്കുന്ന വിദേശ വിദ്യാർഥികളിൽ ഏറ്റവും കൂടുതൽപ്പേരും ഇന്ത്യയിൽനിന്ന് തന്നെ.