ലൈംഗീക അതിക്രമം: അഗതി മന്ദിരം ഉടമയെ അറസ്റ്റ് ചെയ്തു

ആലപ്പുഴ:പുന്നപ്ര ശാന്തി ഭവൻ അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമ പരാതിയിൽ സ്ഥാപന ഉടമ ബ്രദർ മാത്യു ആൽബിൻ അറസ്റ്റിലായി. സ്ഥാപനത്തിലെ ജീവനക്കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുന്നപ്ര പോലീസാണ് മാത്യു ആൽബിനെ അറസ്റ്റ് ചെയ്തത്.തനിക്കെതിരെ ഉയർന്ന ഗുരുതരമായ ആരോപണങ്ങൾക്ക് പിന്നാലെ, പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്ന മാത്യു ആൽബിന്റെ ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു.

വലിയൊരു പെണ്ണുകേസിൽ പെട്ടിട്ടും തന്നെ അന്വേഷിച്ച് ആരും വന്നിട്ടില്ലെന്നും ചെന്നിത്തലയെ നേരിൽ കണ്ടിട്ടുണ്ടെന്നുമാണ് ഇയാൾ അവകാശപ്പെട്ടത്. മാത്രമല്ല, അഞ്ച് പേരെ കൊലപ്പെടുത്താനുണ്ടെന്നും അതിൽ ആദ്യം ശാന്തി ഭവന്റെ മുൻ മാനേജർ ശരത്തിനെയാണ് ലക്ഷ്യമിടുന്നതെന്നും ഇയാൾ സംഭാഷണത്തിൽ ഭീഷണിപ്പെടുത്തിയിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം പരാതിക്കാരിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുമെന്നും ഇയാൾ ഫോൺ സംഭാഷണത്തിൽ ഭീഷണിപ്പെടുത്തി.ഭീഷണി ഫോൺ കോളിന്റെ വിവരം ബന്ധുക്കൾ പോലീസിനെ അറിയിച്ചിരുന്നു. പണം വാഗ്ദാനം ചെയ്ത് തന്നെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു എന്നാണ് ജീവനക്കാരിയുടെ പരാതി.

മുൻപ് കൊലപാതക കേസിൽ ശിക്ഷ അനുഭവിക്കുകയും, ജയിൽ മോചിതനായ ശേഷം തനിക്ക് മാനസാന്തരം വന്നു എന്ന് അവകാശപ്പെട്ട് മാത്യു ആൽബിൻ പുന്നപ്രയിൽ അഗതി മന്ദിരം ആരംഭിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *