ന്യൂഡൽഹി: നീറ്റ് പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് ആശ്വാസം നൽകുന്ന നിരവധി മാറ്റങ്ങളുമായി കേന്ദ്രസർക്കാർ. വീടിനടുത്ത് പരീക്ഷാ കേന്ദ്രങ്ങൾ , പരീക്ഷ എഴുതേണ്ട സ്ഥലത്തെക്കുറിച്ച് നേരത്തേ അറിയിപ്പ്, ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ കൂടുതൽ സമയം എന്നിവയാണ് സുപ്രധാന മാറ്റങ്ങൾ. ഇതിനൊപ്പം പരീക്ഷയുടെ സുതാര്യവും നീതിയുക്തവുമായ നടത്തിപ്പ് ഉറപ്പാക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും. പരീക്ഷയുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനൊപ്പം പരീക്ഷ എഴുതുന്നവരുടെ മാനസിക സമ്മർദ്ദം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യവും നീറ്റ് പിജി പരീക്ഷയിലെ മാറ്റങ്ങൾക്ക് പിന്നിലുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഓഗസ്റ്റ് 30നാണ് പരീക്ഷ.2,73,183 പേരാണ് പരീക്ഷയ്ക്കായി രജിസ്റ്റർചെയ്തിരിക്കുന്നത്. നീറ്റ് യുജി പരീക്ഷയും ഇതേരീതിയിലായിരിക്കുമോ നടത്തുന്നത് എന്നത് വ്യക്തമല്ല.
വീടിനടുത്ത് പരീക്ഷാ കേന്ദ്രങ്ങൾ
ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുന്നതിൽ മുൻഗണന എന്നതായിരുന്നു നേരത്തേയുള്ള രീതി. ഏന്തെങ്കിലും കാരണവശാൽ രജിസ്റ്റർ ചെയ്യാൻ വൈകുന്നവർക്ക് വീടിനടുത്ത പരീക്ഷാ കേന്ദ്രങ്ങൾ ലഭിക്കാതെ വരികയും വിദൂര സ്ഥലങ്ങളിൽ പരീക്ഷ എഴുതേണ്ട അവസ്ഥയുണ്ടാവുകയും ചെയ്തിരുന്നു. ആ രീതിക്കാണ് മാറ്റംവരുന്നത്. പരീക്ഷാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രത്തിനായി മൂന്ന് സംസ്ഥാനങ്ങൾ തിരഞ്ഞെടുക്കാം. ഇതിൽ ആശയവിനിമയത്തിന് മേൽവിലാസമുള്ള സംസ്ഥാനത്തിന് നിർബന്ധമായും ആദ്യ മുൻഗണന നൽകണം. വീടുനടുത്തുള്ള പരീക്ഷാ കേന്ദ്രങ്ങൾ ലഭിക്കാൻ ഇത് സഹായിക്കും.
അനുവദിക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ പരീക്ഷാർത്ഥികൾക്ക് നേരത്തേതന്നെ ലഭിക്കും. യാത്രയ്ക്കും താമസത്തിനുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഇതുമൂലം മതിയായ സമയം ലഭിക്കും. പരീക്ഷയ്ക്ക് ദിവസങ്ങൾക്ക് മുമ്പുമാത്രം പരീക്ഷാകേന്ദ്രങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ ലഭിക്കുന്നതായിരുന്നു നിലവിലെ രീതി. ഇത് വലിയരീതിയിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നുകണ്ടതോടെയാണ് പുതിയ മാറ്റം.
കൂടുതൽ സമയം
നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസ് (എൻബിഇഎംഎസ്) പരീക്ഷാ രീതിയും പരിഷ്കരിച്ചിട്ടുണ്ട്. ഇനിമുതൽ 210 മിനിട്ടിനുള്ളിൽ 180 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്ക് ഉത്തരം എഴുതണം. നേരത്തേ എണ്ണൂറുമാർക്ക് ലഭിക്കാവുന്ന 200 ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. സമയക്രമം പഴതുപോലെ തുടരുന്നതിനാൽ ചോദ്യങ്ങൾക്ക് ഉത്തരംനൽകാൻ കൂടുതൽ സമയം ലഭിക്കും. ഒറ്റ ഷിഫ്റ്റിലാണ് പരീക്ഷ നടത്തുന്നത്.
സുരക്ഷയും കടുക്കും
പരീക്ഷയ്ക്കായുളള സുരക്ഷാ ക്രമീകരണങ്ങൾ കേന്ദ്രസർക്കാർ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. അപക്ഷാഘട്ടത്തിനൊപ്പം പരീക്ഷാ ദിനത്തിലും ആധാർ അധിഷ്ഠിത തിരിച്ചറിയൽ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും സാചര്യത്തിൽ വിരലടയാളം പരിശോധിക്കുന്നത് പരാജയപ്പെടുകയാണെങ്കിൽ കൃഷ്ണമണി അധിഷ്ഠിത ബയോ മെട്രിക് പരിശോധന ഉറപ്പാക്കും. ചോദ്യപ്പേപ്പർ തയ്യാറാക്കുന്നതുമുതൽ വിതരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും സുരക്ഷ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. അറുപതിനായിരം ഉദ്യോഗസ്ഥരെയാണ് പരീക്ഷാ നടത്തിപ്പിനായി നിയോഗിക്കുന്നത്. സ്വതന്ത്ര നിരീക്ഷകർ ഉൾപ്പെടെയുള്ളവരുടെ സേവനവും പ്രയോജനപ്പെടുത്തും.