ഇന്ത്യയുൾപ്പെടെ വ്യാപാര പങ്കാളികൾക്കുമേൽ പുതിയ താരിഫ് ചുമത്തിയ ട്രംപിന്‍റെ നടപടിക്കെതിരെ യു.എസ് സംസ്ഥാനങ്ങൾ

വാഷിങ്ടൺ: ഇന്ത്യയുൾപ്പെടെയുള്ള 60 വ്യാപാര പങ്കാളികൾക്കുമേൽ പുതിയ തീരുവ ചുമത്തിയ ഡോണൾഡ് ട്രംപിന്‍റെ നടപടിക്കെതിരെ 25 യു.എസ് സംസ്ഥാനങ്ങൾ യു.എസ് സുപ്രീംകോടതിയിൽ. 10 മുതൽ 12.5 ശതമാനം വരെയാണ് പുതിയ തീരുവ ചുമത്തിയിരിക്കുന്നത്. തീരുവകൾ തടയുക, അവ നിയമവിരുദ്ധമായി പ്രഖ്യാപിക്കുക, ഇതിനകം ഈടാക്കിയ തീരുവകൾ തിരികെ നൽകുക എന്നീ ആവശ്യങ്ങളാണ് സംസ്ഥാനങ്ങൾ മുന്നോട്ടുവെച്ചിരുക്കുന്നത്.

കഴിഞ്ഞ മാസം 59 രാജ്യങ്ങൾക്കും യൂറോപ്യൻ യൂനിയനുമെതിരെ ചുമത്തിയ തീരുവകൾ യു.എസിന്‍റെ മൊത്തം ഇറക്കുമതിയുടെ 99.4 ശതമാനവും ഉൾക്കൊള്ളുന്നുണ്ടെന്നാണ് സംസ്ഥാനങ്ങൾ വ്യക്തമാക്കുന്നത്. നിർബന്ധിത തൊഴിൽ ഉപയോഗിച്ച് നിർമിക്കുന്ന ഇറക്കുമതി തടയാൻ രാജ്യങ്ങൾ വേണ്ടത്ര നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ട്രംപ് ഭരണകൂടം താരിഫിന് കാരണമായി വാദിക്കുന്നത്.

പുതിയ തീരുവകളിലൂടെ വ്യവസായങ്ങൾക്കും സാധാരണക്കാർക്കും മേൽ നിയമവിരുദ്ധമായി നികുതി വർധിപ്പിക്കാനാണ് ഭരണകൂടം വീണ്ടും ശ്രമിക്കുന്നതെന്നും ഭരണകൂടം ഇത് എങ്ങനെയൊക്കെ ന്യായീകരിക്കാൻ ശ്രമിച്ചാലും തങ്ങൾക്ക് തോന്നുന്ന ഏത് രാജ്യങ്ങളുടെ മേലിലും വ്യാപകമായ തീരുവ ചുമത്താൻ പ്രസിഡന്‍റിന് അധികാരമില്ല എന്നും ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് പറഞ്ഞു. ന്യൂയോർക്ക്, കാലിഫോർണിയ, ഇല്ലിനോയ്, മസാച്യുസെറ്റ്സ്, വാഷിങ്ടൺ, വിസ്കോൺസിൻ എന്നിവയുൾപ്പെടെയുള്ള 25 സംസ്ഥാനങ്ങളും കെന്‍റകി, പെൻസിൽവാനിയ എന്നീ സംസ്ഥാനങ്ങളിലെ ഗവർണർമാരും കേസ്ൽ കക്ഷി ചേർന്നിട്ടുണ്ട്.

നിർബന്ധിത തൊഴിൽ എന്ന മറ ഉപയോഗിച്ച് ട്രംപ് യു.എസിലെ സാധാരണക്കാരുടെയും വ്യവസായികളുടെയും മേൽ നികുതി ഭാരം അടിച്ചേൽപ്പിക്കുകയാണെന്നും പലചരക്ക് സാധനങ്ങൾ, വീട്ടുപയോഗ സാധനങ്ങൾ, നിർമാണ സാമഗ്രികൾ എന്നിവയുടെയൊക്കെ വില ക്രമാതീതമായി വർധിച്ചുവെന്നും ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചിൽ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *