മൂന്നുദിവസം പെയ്തത് 232 ശതമാനം അധിക മഴ!; ഏറ്റവും കൂടുതൽ കോഴിക്കോട്, പത്തനംതിട്ട ജില്ലകളിൽ

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ആഗസ്റ്റ് ഒന്നുമുതൽ മൂന്നുവരെ പെയ്തത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ 232 ശതമാനം അധിക മഴ.

55.4 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. പെയ്തത് 184.2 മില്ലിമീറ്ററും. മൂന്നുദിവസം ഏറ്റവും കൂടുതൽ മഴ പെയ്തത് കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ്.

പത്തനംതിട്ട ജില്ലയിൽ 533 ശതമാനം അധിക മഴ പെയ്തു. പത്തനംതിട്ടയിൽ 253.2 മില്ലിമീറ്റർ മഴ പെയ്തു. ലഭിക്കേണ്ടിയിരുന്ന 40 മില്ലിമീറ്റർ. കോഴിക്കോട് ജില്ലയിൽ 257.4 മില്ലിമീറ്റർ മഴ പെയ്തു (326 ശതമാനം അധികം). ലഭിക്കേണ്ടിയിരുന്നത് 60.4 മില്ലിമീറ്ററാണ്. കണ്ണൂരിൽ 227 ശതമാനം (207 ശതമാനം അധികം) മഴ പെയ്തു.

കുന്നോന്നി ഞാറക്കലിൽ 186.82 മില്ലിമീറ്റർ മഴ

തിങ്കളാഴ്ച രാവിലെ 8.30 വരെ 24 മണിക്കൂറിൽ ഏറ്റവുമധികം മഴ പെയ്തത് കോട്ടയം പൂഞ്ഞാർ കുന്നോന്നി ഞാറക്കലിൽ. 186.82 മില്ലിമീറ്റർ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. ഉരുൾപൊട്ടലിൽ അമ്മയും മകനും മരിച്ച പയ്യാനിത്തോട്ടം ഉൾപ്പെട്ട തെക്കേക്കര പഞ്ചായത്തിനുസമീപത്തെ സ്ഥലമാണ് കുന്നോന്നി ഞാറക്കൽ.

മീനച്ചിൽ നദീസംരക്ഷണ സമിതി വളന്‍റിയർമാരാണ് മഴമാപിനി വഴി ഇവിടുത്തെ മഴക്കണക്ക് ശേഖരിച്ചത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ കാലാവസ്ഥ ശാസ്ത്രജ്ഞൻ രാജീവൻ എരിക്കുളമാണ് വിവിധ സ്റ്റേഷനുകളിൽനിന്നുള്ള മഴയുടെ അളവുകൾ ക്രോഡീകരിച്ചത്. പെരിങ്ങുളം ചട്ടമ്പിയാണ് മഴ അളവിൽ രണ്ടാമത് -166.06 മില്ലിമീറ്റർ മഴയാണ് ഇവിടെ പെയ്തത്. പത്തനംതിട്ട പ്ലാപ്പള്ളിയാണ് മൂന്നാംസ്ഥാനത്ത് -157 മി. മീറ്റർ. കുറവ് മഴ കോട്ടയത്തുതന്നെ വടവാതൂരിലാണ് -75 മി. മീറ്ററാണ് ഇവിടെ രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *