കോട്ടയം ∙ കടലിൽ ജലനിരപ്പ് ഉയർന്നു നിന്ന അതേ സമയത്തു കിഴക്കൻ മേഖലയിലെ ഉരുൾപൊട്ടൽ. കോട്ടയത്തെ മുക്കിയ വെള്ളപ്പൊക്കത്തിന്റെ പ്രധാന കാരണം അതാണ്. വേമ്പനാട് കായൽ വഴി കടലിലേക്കുള്ള നീരൊഴുക്കിനു വേഗമില്ലാത്തതാണു മീനച്ചിലാറ്റിലെ വെള്ളം ഒഴുകിപ്പോകാൻ തടസ്സമാകുന്നത്. ഈ പ്രതിഭാസം പാലാ മുതൽ വെള്ളം ഒഴുകുന്നതു താമസിപ്പിക്കുന്നു.ജൂലൈ 29ന് വെളുത്തവാവായിരുന്നു. അന്നു മുതൽ 6 ദിവസം വേലിയേറ്റം കാരണം കടലിൽ തിരമാലകൾക്ക് 1.8 മീറ്റർ വരെ ഉയരമുണ്ടായിരുന്നു. ഇതു കായലിൽനിന്നു വെള്ളം ഒഴുകിയിറങ്ങുന്നതിന്റെ വേഗം കുറച്ചു. വേലിയിറക്ക സമയത്ത് 0.4 മീറ്റർ വരെ തിരയുടെ ഉയരം കുറയുന്നുണ്ട്. ഈ സമയത്ത് വെള്ളം വേഗത്തിൽ കടലിലേക്ക് ഒഴുകുന്നുണ്ട്.
തണ്ണീർമുക്കം ബണ്ട് വഴിയും തോട്ടപ്പള്ളി സ്പിൽവേ വഴിയും വെള്ളം ഒഴുകുന്നുണ്ട്. കിഴക്ക് വലിയ തോതിൽ മഴ പെയ്തില്ലെങ്കിൽ പടിഞ്ഞാറൻ മേഖലയിൽ ജലനിരപ്പ് ഇന്നു മുതൽ കുറയുമെന്നാണു പ്രതീക്ഷ. 2018 ലെ വലിയ പ്രളയത്തിൽനിന്നു പോലും വ്യത്യസ്തമായ സാഹചര്യമാണ് ഇത്തവണയുണ്ടായതെന്നു കുട്ടനാട് കായൽകൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി.പത്മകുമാർ പറയുന്നു. ‘അന്ന്, വലിയ അളവിൽ വെള്ളം ഒഴുകിയെത്തിയ സമയത്ത് അത് ഉൾക്കൊള്ളാൻ കഴിയുംവിധം കടൽ ശാന്തമായിരുന്നു. എന്നാൽ, ഇത്തവണ വെളുത്ത വാവു കഴിഞ്ഞ ദിവസങ്ങളിലാണ് മഴയും ഉരുൾപ്പൊട്ടലുമുണ്ടായത്. അതുകൊണ്ടാണ് പടിഞ്ഞാറൻമേഖലയിൽ ഇൗ അവസ്ഥയുണ്ടായത്’– അദ്ദേഹം വിശദീകരിച്ചു.