ബംഗളൂരു: കർണാടകയിൽ കെഎസ്‌ആർടിസി ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്‌ടറും മരിച്ചു. കോഴിക്കോട് ഡിപ്പോയിൽ നിന്നുള്ള കെഎസ്‌ആർടിസി സൂപ്പർ ഡീലക്‌സ് എയർബസ് ആണ് മൈസൂർ – ബംഗളൂർ ദേശീയപാതയിൽ ബിടതിയിൽ അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന ഇരുപതോളം യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 6.45ഓടെയായിരുന്നു അപകടം. KL15 A 1963 നമ്പർ ബസാണ് മറിഞ്ഞത്. റോഡരികിൽ സ്ഥാപിച്ചിരുന്ന ബോർഡിന്റെ തൂണിലിടിച്ച് ബസ് തലകീഴായി മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് സംശയം. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. വാഹനങ്ങളെല്ലാം വൺവേ വഴി തിരിച്ചുവിടുകയാണ്. പൊലീസും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.