നീണ്ടൂർ ∙ രാവിലെ കപ്പ ബിരിയാണി, ഉച്ചയ്ക്ക് വരാൽ കറിയും മീൻ വറുത്തതും കൂട്ടി ഊണ്, വൈകിട്ട് ഉണക്കമീൻ ചതച്ചതും കോഴിക്കറിയും….! നാടൻ, മറുനാടൻ വിഭവങ്ങളുമായി നീണ്ടൂർ സെന്റ് മൈക്കിൾസ് സ്കൂളിലെ ദുരിതാശ്വാസ ക്യാംപ്. വെള്ളപ്പൊക്ക ദുരിത ബാധിതർക്കായി ഒരുക്കിയ ക്യാംപിലാണ് വിവിധയിനം ഭക്ഷണങ്ങൾ തയാറാക്കി വിതരണം ചെയ്യുന്നത്. നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളി, പഞ്ചായത്ത്, നാട്ടുകൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിലാണ് ക്യാംപിന്റെ പ്രവർത്തനം. 15–ാം വാർഡിലെ 32 പേരാണ് ക്യാംപിൽ ഉള്ളത്. ദുരിതബാധിതരെ ചേർത്ത് പിടിക്കുകയും അവർക്ക് ദുരിത കാലം മധുരമുള്ള ഒരോർമയായി മാറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘അടിപൊളി ക്യാംപ് ’ സെറ്റ് ചെയ്തിരിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
കഴിഞ്ഞ ദിവസം അത്താഴത്തിന് വിളമ്പിയത് ചിക്കൻ കറിയും കപ്പളങ്ങ തോരനും പുളിശേരിയും അച്ചാറും. നീണ്ടൂർ പള്ളി വികാരി ഫാ. മാത്യു കന്നുവെട്ടിയിൽ ക്യാംപിൽ അത്താഴത്തിന് എത്തി. ഇന്നലെ രാവിലെ കപ്പ ബിരിയാണി ആയിരുന്നു. കൂടെ കഞ്ഞിയും. ഉച്ചയ്ക്കു ഊണിന് സാമ്പാർ, പയർ മെഴുക്കുവരട്ടി, ഉണക്ക തുണ്ടൻ മീൻ വറുത്ത് പൊടിച്ചത്, അത്താഴത്തിന് ചോറ്, വരാൽ കറി, തോരൻ, അച്ചാർ എന്നിവയുണ്ടായിരുന്നു.
ഓരോ ദിവസവും വ്യത്യസ്ത വിഭവങ്ങളാണ് സംഘാടകർ ഒരുക്കുന്നത്. ഭക്ഷണം ഉണ്ടാക്കുന്നതും വിളമ്പുന്നതുമെല്ലാം ക്യാംപിൽ വലിയ ആഘോഷമാണ്. ഇന്നലെ റോമിലെ വത്തിക്കാൻ സ്ഥാനപതിയും ‘ചിലി’യുടെ അംബാസഡറുമായ ആർച്ച് ബിഷപ് മാർ കുര്യൻ വയലുങ്കൽ അത്താഴത്തിന് എത്തിയത് ക്യാംപിനെ ആവേശത്തിലാക്കി.
ക്യാംപിന്റെ ചാർജ്. പഞ്ചായത്ത് അംഗങ്ങളായ തോമസ് കോട്ടൂരിനും തോമസ് ജോസഫിനുമാണ്. 12 കുടുംബങ്ങളാണ് ക്യാംപിൽ ഉള്ളത്. പഞ്ചായത്ത് പ്രസിഡന്റ് സവിത ജോമോൻ, അംഗങ്ങളായ സിന്ധു രാജു, ഷീബ ഷാജി, നന്ദു ആരതി, മനുമോൾ എന്നിവരും ക്യാംപിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. കാർഷിക ഗ്രാമമായ നീണ്ടൂരിൽ 60 ശതമാനം പ്രദേശങ്ങളും പാടശേഖരങ്ങളാണ്. പഞ്ചായത്തിലെ 10, 13,14, 15 വാർഡുകളിലാണ് വെള്ളപ്പൊക്കം ദുരിതം വിതച്ചിരിക്കുന്നത്. ഒട്ടേറെ താമസക്കാരുള്ള പുറം ബണ്ടുകളും വെള്ളത്തിലാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്.