ബൊഗോട്ട : കൊളംബിയയുടെ പടിഞ്ഞാറൻ മേഖലയായ ചോക്കോ പ്രവിശ്യയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ കെട്ടിടങ്ങൾക്ക് നാശനഷ്ടം. നിരവധിപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. തലസ്ഥാനമായ ബൊഗോട്ടയിലും പ്രകമ്പനം അനുഭവപ്പെട്ടു. അയൽ രാജ്യങ്ങളായ വെനസ്വേലയിലും ഇക്വഡോറിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
ബൊഗോട്ടയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ പടിഞ്ഞാറ് സാൻജോെസെ ഡെൽ പാൽമർ നഗരത്തിന് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയതായി കൊളംബിയയുടെ നാഷണൽ യൂണിറ്റ് ഫോർ ഡിസാസ്റ്റർ റിസ്ക് മാനേജ്മെന്റ് അറിയിച്ചു. എന്നാൽ യു.എസ് ജിയോളജിക്കൽ സർവേയും കൊളംബിയയിലെ ഭൂകമ്പ നിരീക്ഷണ ഏജൻസിയും 7.4 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഭൂചലനത്തെ തുടർന്ന് ജനങ്ങൾ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്കോടി. ചോക്കോയുടെ തലസ്ഥാനമായ ക്വിബിദോയിൽ കെട്ടിടങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചതായും ആളുകൾക്ക് പരിക്കേറ്റതായും പ്രവിശ്യാ ഗവർണർ അറിയിച്ചു, ഭൂചലനത്തിന് പിന്നാലെ ശക്തമായ തുടർചലനങ്ങൾക്ക് സാദ്ധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.