നീറ്റ് ചോദ്യപ്പേപ്പർ ആത്മഹത്യ ചെയ്ത ഐജ മഹേഷിന്റെ സഹോദരൻ മരിച്ച നിലയിൽ

മംഗളൂരു ∙ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന്, പുനഃപരീക്ഷാ പരിശീലനത്തിനിടെ ആത്മഹത്യ ചെയ്ത ഐജ മഹേഷിന്റെ സഹോദരനെ മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പള്ളിക്കര മുക്കൂട് സ്വദേശി അർജുനെയാണ് (24) ബജ്പെയ്ക്കടുത്ത മറവൂരിലെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച ദുബായിൽനിന്ന് മംഗളൂരു വിമാനത്താവളത്തിലെത്തിയ അർജുൻ രാത്രിയോടെ ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. ഇന്നു രാവിലെ മുറി തുറക്കാത്തതിനാൽ ഹോട്ടൽ ജീവനക്കാർ ബജ്പെ പൊലീസിൽ വിവരം അറിയിച്ചു. പൊലീസും കുടുംബാംഗങ്ങളും എത്തി വാതിൽ തുറന്നപ്പോൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മുറിയിൽനിന്ന് ‘അമ്മ, ഐ ആം സോറി’ എന്ന് എഴുതിയ കുറിപ്പ് കണ്ടെത്തി. ചില സുഹൃത്തുക്കളെ അറിയിക്കണം എന്നും കുറിപ്പിൽ എഴുതിയതായി മംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ സുധീർ കുമാർ റെഡ്ഡി പറഞ്ഞു. മംഗളൂരു വെൻലോക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം വൈകിട്ട് ബന്ധുക്കൾക്ക് വിട്ടു നൽകി. ദുബായിൽ നിസാൻ കമ്പനിയിൽ ഓട്ടോ മൊബൈൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു അർജുൻ.

Leave a Reply

Your email address will not be published. Required fields are marked *