ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 374 ലക്ഷം കോടി രൂപയിൽ (3.92 ട്രില്യൺ ഡോളർ) എത്തിയതോടെ ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി.
അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) ഏപ്രിലിൽ പ്രസിദ്ധീകരിച്ച ലോക സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയെ അറിയിച്ചു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ സാധ്യത വർധിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ വിവിധ മേഖലകളെ ഉൾപ്പെടുത്തിയുള്ള തന്ത്രമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാർഷിക ഉൽപാദനക്ഷമത വർധിപ്പിക്കൽ, ഉൽപാദന ബന്ധിത ഇൻസെന്റിവ് പദ്ധതികളിലൂടെ ഉൽപാദന മേഖലയെ പ്രോത്സാഹിപ്പിക്കൽ, ചെറുകിട-ഇടത്തരം സംരംഭങ്ങളെ ശക്തിപ്പെടുത്തൽ എന്നിവയാണ് പ്രധാന നടപടികൾ.
നൂതനാശയങ്ങൾ, ഡിജിറ്റൽവത്കരണം, ഗവേഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും നടപടികൾ സ്വീകരിച്ചുവരുകയാണ്. പൊതുമേഖലാ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ ഗണ്യമായി കുറഞ്ഞതായും മന്ത്രി പറഞ്ഞു. 2024 മാർച്ച് 31ന് 3,39,541 കോടിയായിരുന്ന കിട്ടാക്കടം ഈ വർഷം മാർച്ച് 31ന് 2,45,634 കോടിയായി കുറഞ്ഞു. പൊതുമേഖലാ ബാങ്കുകളിൽ റിപ്പോർട്ട് ചെയ്യുന്ന തട്ടിപ്പ് കേസുകളുടെ എണ്ണത്തിലും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കുറവുണ്ടായി. 2023-24ൽ 54,850 തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ 2025-26ൽ ഇത് 5,786 കേസുകളായി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.