ചാമരാജനഗർ: കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ ഹനൂരിൽ മൂന്ന് വേട്ടക്കാരെ വനംവകുപ്പ് പട്രോളിംഗ് ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നു. കാവേരി വന്യജീവി സങ്കേതത്തോട് ചേർന്നുള്ള റേഞ്ചിലാണ് സംഭവം. വേട്ടക്കാരും വനംവകുപ്പും തമ്മിലുള്ള ഏറ്റുമുട്ടലിൽ ശിവരാജ് എന്ന വനപാലകന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേട്ട സംഘത്തിലെ ഒരാൾ രക്ഷപ്പെട്ടിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള തെരച്ചിൽ നടക്കുകയാണ്.
പുലർച്ചെ 5.15 നും 5.30 നും ഇടയിലാണ് സംഭവം. പട്രോളിംഗ് നടത്തുന്ന ഏഴ് പേരടങ്ങുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും നാടൻ തോക്കുമായെത്തിയ നാല് വേട്ടക്കാരും തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത്. മരിമംഗലം സ്വദേശി ആന്റണി സ്വാമി (50), ജഗന്നാഥ ദൊഡ്ഡി സ്വദേശി ജോൺ റോസ് പീറ്റർ (42), ലാർസർദൊഡ്ഡി സ്വദേശി കുമാർ (33) എന്നിവരാണ് കൊല്ലപ്പെട്ടത്. മരിമംഗലം ഗ്രാമത്തിൽ നിന്നുള്ള മഹിമദാസ് (45) എന്ന ആളാണ് രക്ഷപ്പെട്ടത്.
മാനുകളെ വേട്ടയാടുന്നതിന് വേണ്ടിയാണ് സംഘം എത്തിയതെന്നാണ് റിപ്പോർട്ട്. കാട്ടിനുള്ളിൽ മാനുകളെ വേട്ടയാടിയ സംഘം അവയുടെ മാംസങ്ങളുമായി കാടിന് പുറത്തിറങ്ങിയപ്പോഴാണ് പട്രോളിംഗ് സംഘത്തെ കണ്ടുമുട്ടിയത്.
തുടർന്ന് പട്രോളിംഗ് ഉദ്യോഗസ്ഥർക്ക് നേരെ വേട്ടക്കാർ വെടിയുതിർത്തു. പിന്നാലെ നടത്തിയ പ്രത്യാക്രമണത്തിലാണ് വേട്ടക്കാർ കൊല്ലപ്പെട്ടത്. മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. വെടിയേറ്റതിന് പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഏറ്റുമുട്ടൽ നടന്ന സ്ഥലം വനാതിർത്തിയിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ അകലെയാണ്. വേട്ടക്കാരിൽ നിന്ന് പിടിച്ചെടുത്ത മാംസം ഉദ്യോഗസ്ഥരുടെ കൈവശമുണ്ട്. ഇത് മാനുകളുടേതാണെന്ന് ഉറപ്പിക്കാൻ ഫോറൻസിക് വിദഗ്ധരെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.