തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷം നടത്താൻ തീരുമാനിച്ചിരിക്കുന്ന 21-ാം തീയതിയിലെ പരീക്ഷ മാറ്റി. എട്ടാം ക്ളാസിൽ അന്നേ ദിവസം നടത്താനിരുന്ന പരീക്ഷയാണ് വിദ്യാഭ്യാസ വകുപ്പ് മാറ്റിവച്ചത്. 21നാണ് സംസ്ഥാനത്തെ ഭൂരിഭാഗം സ്‌കൂളുകളിലും ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. പരീക്ഷയും ആഘോഷ പരിപാടികളും ഒരേ ദിവസം വരുന്നതിനെക്കുറിച്ച് വിദ്യാർത്ഥികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പരീക്ഷ മാറ്റിവയ്ക്കണമെന്ന പൊതുതാല്പര്യം കണക്കിലെടുത്താണ് എട്ടാം ക്ളാസ് പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവച്ചത്.
മാറ്റിയ പരീക്ഷ ഓണാവധിക്ക് ശേഷം സെപ്തംബർ ഒന്നിന് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ഓഗസ്റ്റ് 20ന് എട്ടാം ക്ളാസുകാർക്ക് നടത്താനിരുന്ന മലയാളം രണ്ടാം പേപ്പറിന്റെ പരീക്ഷ 21ലേക്ക് മാറ്റിവച്ചിരുന്നു. എട്ട്, ഒമ്പത്, പത്ത് ക്ളാസുകളിലെ വിദ്യാർത്ഥികൾക്ക് ഒരേ സമയത്ത് പരീക്ഷ നടത്തുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് വിമർശനത്തെത്തുടർന്നാണ് ടൈംടേബിൾ പുനഃക്രമീകരിച്ചത്. ഇതിന്റെ ഭാഗമായാണ് എട്ടാം ക്ലാസുകാർക്ക് ഓണാഘോഷ ദിവസം പരീക്ഷ നടത്താനായി തീരുമാനിച്ചത്. എന്നാൽ കടുത്ത വിമർശനം ഉയർന്നതിന് പിന്നാലെയാണ് വീണ്ടും പരീക്ഷ മാറ്റിവച്ചത്.