ഒറ്റപ്പെട്ട് ഇസ്രയേൽ, ‘30,000 ഡോളർ’ സമ്മാനവുമായി ഇറാൻ, യുഎസ് സമ്മർദ്ദത്തിൽ, വിപണികൾക്ക് പേടി

പശ്ചിമേഷ്യയിലെ പോർക്കളം ഇനി ഗാസ? ആഗോള സമ്പദ്മേഖലയ്ക്ക് പുത്തൻ ആശങ്കകൾ സമ്മാനിച്ച് ഗാസ വിഷയത്തിൽ യുഎസും ഇസ്രയേലും തമ്മിൽ തെറ്റുന്നതാണ് കാണുന്നത്. പശ്ചിമേഷ്യ, ഹോർമുസ്, ചെങ്കടൽ എന്നിവയ്ക്ക് പിന്നാലെ ഗാസയും യുദ്ധകലുഷിതമായാൽ രാജ്യാന്തര വാണിജ്യ, വ്യവസായ മേഖലകളെ അത് കൂടുതൽ സമ്മർദത്തിലാക്കും. ക്രൂഡോയിൽ വില കൂടുതൽ ഉയരങ്ങളിലേക്ക് നീങ്ങാം. ഓഹരി വിപണികൾ തളർച്ചയിലേക്കും. സ്വർണം, കറൻസി വിപണികളിലും വൻ ചലനങ്ങളുണ്ടാകും.

ആക്രമണം കടുപ്പിക്കാൻ ഇസ്രയേൽ; യോഗം ചേർന്ന് ‘എതിർ ടീം’

ട്രംപിന്റെ ‘ഗാസ സമാധാന പ്ലാൻ’ തള്ളിയ ഇസ്രയേൽ, കൂടുതൽ വ്യോമാക്രമണത്തിനുള്ള തയാറെടുപ്പിലുമാണ്. അതേസമയം, സമാധാന പ്ലാനുമായി മുന്നോട്ടുപോകുന്നത് സംബന്ധിച്ച് ഈജിപ്തിലെ കെയ്റോയിൽ യുഎസ് പ്രതിനിധികളുമായി ഈജിപ്ത്, ഖത്തർ, തു‌ർക്കി പ്രതിനിധികൾ ചർച്ച നടത്തി. ചില ചർച്ചകളിൽ ഹമാസ് പ്രതിനിധികളും ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ.

ട്രംപിന്റെ മരുമകനും സമാധാന ചർച്ചകളിലെ പ്രതിനിധിയുമായ ജെയേഡ് കൂഷ്നർ, ഗാസ സമാധാന പ്ലാൻ പ്രതിനിധിയായ നിക്കോളായ് മ്ലാദെനോവ് എന്നിവരാണ് യുഎസ് സംഘത്തിലുള്ളത്. ഓഗസ്റ്റ് 9നാണ് ട്രംപിന്റെ ഗാസ സമാധാന പ്ലാൻ തള്ളുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ചത്. കൂഷ്നറും മ്ലാദെനോവും ഇന്ന് നെതന്യാഹുവിനെ കാണുന്നുണ്ട്.

ഗാസയിൽ അടിയന്തരമായി വെടിനിർത്തൽ നടപ്പാക്കുകയെന്നതാണ് ട്രംപിന്റെ ഗാസ സമാധാന പ്ലാൻ മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ, ഇതിനെ കൈയോടെ നെതന്യാഹു തള്ളിയതാണ് പ്രതിസന്ധിയുടെ ആക്കംകൂട്ടുന്നത്. പ്ലാൻ തള്ളിയ നെതന്യാഹുവിന്റെ തീരുമാനത്തെ അപലപിച്ച് അറബ് രാഷ്ട്രങ്ങളും തുർക്കിയും പാക്കിസ്ഥാനും ഇന്തൊനീഷ്യയും രംഗത്തുവന്നു. വിഷയത്തിൽ ഇസ്രയേൽ കൂടുതൽ ഒറ്റപ്പെടുന്നതാണ് കാഴ്ച.

യുഎസ് സൈനികനെ പിടിച്ചാൽ ‘സമ്മാനം’; പ്രകോപിപ്പിച്ച് ഇറാൻ

സമാധാന നീക്കങ്ങളെ കുറിച്ച് ആശങ്ക കടുക്കുന്നതിനിടെ, പ്രകോപനം ആളിക്കത്തിച്ച് ഇറാനും. യുഎസ് സൈനികരെ ജീവനോടെയോ അല്ലാതെയോ പിടികൂടുന്നവർക്ക് 30,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ സൈനിക മേധാവി അമീർ ഹതാമി. സൈനികരെ പിടിക്കുന്നത് ഇറാനിയൻ സ്ത്രീകളാണെങ്കിൽ ഇരട്ടി പാരിതോഷികം നൽകുമെന്നും ഹതാമി പറഞ്ഞു.

അതേസമയം, യുഎസ് സൈനികരെ എങ്ങനെ പിടികൂടാനാണ് എന്നത് സംബന്ധിച്ച് വ്യക്തത വരുത്താൻ ഹതാമി തയാറായില്ല. കാരണം, ഇറാനുമായുള്ള യുദ്ധത്തിൽ സൈനികരെ യുഎസ് കരയിലേക്ക് എത്തിച്ചിട്ടില്ല. വിമാനവാഹിനി കപ്പലുകളിൽ നിന്നാണ് ആക്രമണങ്ങൾ പ്രധാനമായും നടത്തുന്നത്. എങ്കിലും, ഇറാന്റെ പ്രകോപനം യുഎസിനെയും ട്രംപിനെയും ചൊടിപ്പിച്ചേക്കും. ശക്തമായി തിരിച്ചടിക്കാൻ യുഎസ് മുതിർന്നേക്കാം.

സൈനികരുടെ മാനസിക സമ്മർദ്ദം ഏറ്റുപറഞ്ഞ് യുഎസ്

30-40 ദിവസത്തേക്കുമാത്രം എന്നറിയിച്ചാണ് ആയിരക്കണത്തിന് യുഎസ് സൈനികരുമായി വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ഏബ്രഹാം ലിങ്കൺ ഹോർമുസിൽ എത്തിയത്. എന്നാൽ, 250 ദിവസത്തിലേറെയായി കടലിൽ കഴിയേണ്ട സ്ഥിതിയായി.

ഇത് സൈനികരെ മാനസിക സമ്മർദത്തിലേക്ക് തള്ളിയെന്ന് അവരുടെ ബന്ധുക്കൾ ഉൾപ്പെടെ ആരോപിച്ചു. യുഎസ് പ്രസിഡന്റ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും പ്രശ്നം ലഘൂകരിക്കാനാണ് ശ്രമിച്ചത്. എന്നാൽ, യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ ആരോപണങ്ങൾ ശരിവച്ചത് യുഎസിനെ വെട്ടിലാക്കിയിട്ടുണ്ട്.

‘‘കടൽ യുദ്ധം എല്ലാവർക്കും പറ്റിയപണിയല്ല. വിരമിച്ച 40 ലക്ഷം യുഎസ് നാവികസേനാംഗങ്ങളോട് ചോദിച്ചാൽ അതു മനസ്സിലാകും’’ എന്നും കൂപ്പർ എക്സിൽ പറഞ്ഞു. സാധാരണ ഓരോ 30-45 ദിവസം കൂടുമ്പോഴും അറ്റകുറ്റപ്പണികൾക്കും സൈനികരുടെ വിശ്രമത്തിനുമായി യുദ്ധക്കപ്പൽ ഏതെങ്കിലും തുറമുഖത്ത് അടുപ്പിക്കും. എന്നാൽ, 6 മാസത്തിലധികമായി ഏബ്രഹാം ലിങ്കൺ കടലിൽ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *