ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ ക്വട്ടേഷന്‍ കൊലപാതകത്തില്‍ പിടിക്കപ്പെട്ടാല്‍ പറയാനും മുന്‍കൂട്ടി കഥ തയ്യാറാക്കി പ്രതികള്‍. നാല് പേരും പറയുന്നത് ഒരേ കഥയെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ ആണ്‍സുഹൃത്തും പെണ്‍കുട്ടിയും തമ്മിലുള്ള വാട്സാപ്പ് ചാറ്റ് പരിശോധന നടത്തിയ പോലീസ് അത് പൊളിച്ചു കളയുകയായിരുന്നു.
സംഭവത്തില്‍ പോലീസ് പിടിക്കില്ലെന്ന പൂര്‍ണ്ണവിശ്വാസമൊന്നും പ്രതികള്‍ക്ക് ഇല്ലായിരുന്നു. എപ്പോഴെങ്കിലും പിടിക്കപ്പെട്ടേക്കാമെന്ന് കരുതിയാണ് ചോദ്യം ചെയ്യലില്‍ പറയാന്‍ മുന്‍കൂട്ടി തിരക്കഥ തയ്യാറാക്കിയത്. സ്വന്തം അച്ഛനെതിരെ പെണ്‍കുട്ടി നല്‍കിയ മൊഴി അന്വേഷണം വഴിതെറ്റിക്കാനാണെന്ന് പോലീസിന് മനസ്സിലായി. തുടര്‍ചോദ്യം ചെയ്യലില്‍ വ്യാജ മൊഴിയെന്ന് പൊലീസ് കണ്ടെത്തി.
ആണ്‍സുഹൃത്തും പെണ്‍കുട്ടിയും തമ്മിലുള്ള വാട്സാപ്പ് ചാറ്റ് ആണ് കഥകള്‍ പൊളിച്ചത്. നാലുപേരുടെയും മൊബൈല്‍ഫോണ്‍ പൊലീസ് കസ്റ്റഡിയിലാണ്. കുടുംബ പ്രശ്നങ്ങള്‍ കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിച്ചിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്. മാതാപിതാക്കള്‍ ബന്ധം വേര്‍പ്പെടുത്തിയതോടെ അമ്മയ്ക്കൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം. ആവശ്യമായ പരിഗണന കുടുംബത്തില്‍ ലഭിച്ചിരുന്നില്ല എന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു.
പ്രതികള്‍ക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. ജുവനെയില്‍ ജസ്റ്റിസ് ബോര്‍ഡാണ് അപേക്ഷ പരിഗണിക്കുക. കുറ്റാരോപിതരെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണ നടത്താനുള്ള പൊലീസ് റിപ്പോര്‍ട്ടും ബോര്‍ഡ് പരിഗണിക്കും. പതിനാറിനും 18നും ഇടയില്‍ പ്രായമുള്ളവര്‍ കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ ഉള്‍പ്പെട്ടാല്‍ മുതിര്‍ന്ന കുറ്റവാളികളായി പരിഗണിച്ച് നടപടി സ്വീകരിക്കാനുള്ള നിയമമുണ്ട്. പ്രതികള്‍ ലഹരി ഉപയോഗിക്കുന്നവരാണോ എന്ന പരിശോധനയും നടത്തും.