മാധ്യമങ്ങളില്‍ സംസാരിക്കുന്ന സുന്ദരന്മാരായ ചിലര്‍ പോലും മിണ്ടിയില്ല ; ജാതി അധിക്ഷേപത്തില്‍ ഖാര്‍ഗേ

ന്യൂഡല്‍ഹി: ജാതി അധിക്ഷേപം നേരിട്ട വിഷയത്തില്‍ കോണ്‍ഗ്രസില്‍ നിന്നും വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്ന് തുറന്നടിച്ച് മല്ലികാര്‍ജ്ജുന ഖാര്‍ഗേ. ചൊവ്വാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി (സി.ഡബ്ല്യു.സി) യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അപൂര്‍വ്വമായി മാത്രം പ്രകടിപ്പിക്കാറുള്ള തന്റെ വ്യക്തിപരമായ മനോവിഷമം തുറന്നുപറഞ്ഞു.

ഖാര്‍ഗെയുടെ സന്ദര്‍ശനത്തിനുശേഷം ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്ന ‘ശുദ്ധീകരണ’ ചടങ്ങുമായി ബന്ധപ്പെട്ട വിഷയത്തില്‍ തനിക്കൊപ്പം പരസ്യമായി നിലകൊള്ളാനോ സംഭവത്തെ അപലപിക്കാനോ പല സി.ഡബ്ല്യു.സി അംഗങ്ങളും തയ്യാറാകാത്തതില്‍ തനിക്ക് ‘വേദനയുണ്ട്’ എന്ന് അദ്ദേഹം യോഗത്തില്‍ പറഞ്ഞു. ബി.ജെ.പിയുമായി ബന്ധമുള്ളവരാണ് ‘ശുദ്ധീകരണ ഹവനം’ സംഘടിപ്പിച്ചതെന്നും ഇത് ജാതിചിന്തയുടെ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

എന്നാല്‍ ബി.ജെ.പി ഈ സംഭവത്തില്‍ നിന്ന് അകലം പാലിക്കുകയാണുണ്ടായത്. ഖാര്‍ഗെ ഈ വിഷയം രാജ്യസഭയിലും ഉന്നയിച്ചിരുന്നു. താന്‍ ഒരു ദളിതനായതുകൊണ്ട് തന്നെ സംരക്ഷിക്കാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ ഈ ‘ശുദ്ധീകരണ’ സംഭവം തന്നെ അപമാനിതനാക്കിയെന്നും പറഞ്ഞിരുന്നു. പ്രവര്‍ത്തകസമിതി യോഗത്തില്‍ ഖാര്‍ഗെ ഈ വിഷയം ഉന്നയിച്ചു.

എല്ലാ സി.ഡബ്ല്യു.സി അംഗങ്ങളും, പ്രത്യേകിച്ച് മാധ്യമങ്ങളില്‍ ഇടംപിടിക്കുന്ന സുന്ദരന്മാരായ ചിലരും ഇതിനെക്കുറിച്ച് സംസാരിക്കാത്തതില്‍ തനിക്ക് വേദനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പാര്‍ട്ടി ഈ വിഷയം ഉന്നയിക്കുകയും അപലപിക്കുകയും ചെയ്തിട്ടുണ്ടെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍ വ്യക്തമാക്കി.

എങ്കിലും ഖാര്‍ഗെയുടെ ശാരീരികഭാഷയില്‍ നിന്ന് അദ്ദേഹം ഒട്ടും തൃപ്തനല്ലെന്ന് വ്യക്തമായിരുന്നുവെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. പ്രവര്‍ത്തകസമിതി യോഗത്തിലെ ചര്‍ച്ചകളെക്കുറിച്ച് പിന്നീട് മാധ്യമങ്ങളോട് വിശദീകരിച്ച വേണുഗോപാല്‍, ഈ ശുദ്ധീകരണ തര്‍ക്കത്തെക്കുറിച്ച് സംസാരിക്കുകയും സംഭവം അംഗീകരിക്കാന്‍ കഴിയാത്തതും അപലപനീയവുമാണെന്ന് വാദിക്കുകയും ചെയ്തു. കൂടാതെ ഇത് ബി.ജെ.പിയുടെ മനോഭാവമാണ് വെളിവാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *