തിരുവനന്തപുരം: ഓണദിനത്തിൽ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ അലവൻസ് ഇരട്ടിയാക്കി സംസ്ഥാന സർക്കാർ. നിലവിലെ 500 രൂപയിൽ നിന്ന് 1,000 രൂപയായാണ് അലവൻസ് വർധിപ്പിച്ചത്. ആഭ്യന്തര മന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. ഓണദിവസം ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്ക് മാത്രമായിരിക്കും ഈ അലവൻസ് ലഭിക്കുക.
അതേസമയം, ഓണത്തോടനുബന്ധിച്ച് ബെവ്‌കോ ജീവനക്കാരുടെ ബോണസ് തുകയും സർക്കാർ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 2,500 രൂപ കൂടുതലാണ് ഇത്തവണ നൽകുന്നത്. പരമാവധി ബോണസ് തുക 1.05 ലക്ഷം രൂപയാണ്. 50,000 രൂപ വരെ ബോണസ് അഡ്വാൻസായി നൽകാനും തീരുമാനിച്ചിട്ടുണ്ട്.
എംപ്ലോയ്മെന്റ് ജീവനക്കാരുടെ ബോണസും 250 രൂപ വർധിപ്പിച്ച് 6,250 രൂപയാക്കി. സീപ്പർമാർക്ക് 6,750 രൂപയും ഹെഡ് ഓഫീസിലെയും വെയർഹൗസുകളിലെയും സുരക്ഷാ ജീവനക്കാർക്ക് 13,000 രൂപയും നൽകും.
ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും അഡ്വാൻസും നേരത്തെ പ്രഖ്യാപിച്ചിരുന്നു. അർഹരായ ജീവനക്കാർക്ക് 4,500 രൂപയാണ് ബോണസ്. ബോണസിന് അർഹതയില്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 3,000 രൂപ ലഭിക്കും. സർവീസ് പെൻഷൻകാർക്ക് 1,250 രൂപയാണ് പ്രത്യേക ഉത്സവബത്ത.
സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ഓണം അഡ്വാൻസായി 20,000 രൂപയും ലഭിക്കും.