ചെന്നൈ: മുതിർന്ന തമിഴ് നടി സൗകാർ ജാനകി (94) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. നടികർ സംഘം പ്രസിഡന്റ് നാസറാണ് മരണവിവരം സ്ഥിരീകരിച്ചത്. അസുഖത്തെ തുടർന്ന് ചെന്നൈ അൽവാർപേട്ടിലെ കാവേരി ആശുപത്രിയിൽ സൗകാർ ജാനകിയെ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്.
ഓഗസ്റ്റ് 19നാണ് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിവരം പുറത്തുവന്നത്. ചെന്നൈയിലെ തേനാംപേട്ടിലെ സെന്റാഫ് റോഡിൽ വൈകിട്ട് അഞ്ചുമണി മുതൽ ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കുമെന്ന് നടികർ സംഘം അറിയിച്ചു.
ഏഴ് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും സൗക്കാർ ജാനകി ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഏകദേശം 400 സിനിമകളിൽ അഭിനയിച്ച അവർ നിരവധി നാടകങ്ങളിലും വേദികളിലും സജീവമായിരുന്നു. സൂര്യമാനസം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ അമ്മയായി അഭിനയിച്ച് ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. 2022ൽ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് കേന്ദ്രസർക്കാർ സൗക്കാർ ജാനകിക്ക് പത്മശ്രീ നൽകി ആദരിച്ചിരുന്നു.
രാജമഹേന്ദ്രവരത്തെ ടെക്കുംമല്ല വെങ്കോജി റാവുവിന്റെയും സച്ചി ദേവിയുടെയും മൂത്ത മകളായാണ് സൗകാർ ജാനകി ജനിച്ചത്. പ്രശസ്ത നടിയായ കൃഷ്ണകുമാരിയാണ് ജാനകിയുടെ ഇളയ സഹോദരി. ശങ്കരമഞ്ചി ശ്രീനിവാസ റാവുവാണ് ഭർത്താവ്. രണ്ട് പെൺമക്കളും ഒരു മകനുമാണ് ഇവർക്കുള്ളത്. സൗകാർ ജാനകിയുടെ കൊച്ചുമകൾ വൈഷ്ണവി അരവിന്ദും അഭിനേത്രിയാണ്.