വിദ്യാർത്ഥികൾക്കെതിരായ പെല്ലറ്റ് ഗൺ ആക്രമണം: അഞ്ച് മണിക്കൂർ നീണ്ട പ്രതിഷേധം ഫലം കണ്ടു; ഒടുവിൽ കേസെടുത്ത് പൊലീസ്

ന്യൂഡൽഹി: ജന്തർമന്ദറിലെ വിദ്യാർഥി പ്രതിഷേധത്തിനിടയിൽ പൊലീസിന്റെ പെല്ലറ്റ് ഗൺ ആക്രമണത്തിൽ പരിക്കേറ്റ യുവാവിന്റെ പരാതിയിൽ കേസെടുത്തു. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് അഞ്ച് മണിക്കൂറിലധികം നീണ്ടുനിന്ന പ്രതിഷേധത്തിനൊടുവിൽ ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. സാഹിലിന്റെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്.

എഫ്‌ഐആർ ഫയൽ ചെയ്യാൻ ആദ്യം പൊലീസ് തയ്യാറാകാതിരുന്നതോടെയാണ് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പരിക്കേറ്റ സഞ്ജീവിനെ ഒപ്പംകൂട്ടി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുമൊത്താണ് രാഹുൽ ഗാന്ധി സ്റ്റേഷനിലെത്തിയത്. സമാധാനപരമായ പ്രതിഷേധത്തിലൂടെയാണ് വിഷയത്തിൽ നടപടിയെടുക്കാൻ പ്രതിപക്ഷ നേതാവ് വഴിയൊരുക്കിയത്.

പെല്ലറ്റ് ഗൺ കൊണ്ട് പരിക്കേറ്റ സഞ്ജീവ്, റാം മനോഹർ ലോഹ്യ എന്നിവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് സംഭവത്തിൽ പരാതിനൽകാൻ ശ്രമിച്ചിട്ടും പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തില്ല. ഇതോടെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും ഫലമുണ്ടാകാതെ വന്നതോടെയാണ് രാഹുലടക്കം പരിക്കേറ്റ യുവാവുമായി എത്തി പ്രതിഷേധ ധർണ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *