ന്യൂഡല്‍ഹി: ഇസ്രയേല്‍-യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരിറ്റയും ബിഹാര്‍ ഗവര്‍ണര്‍ ലെഫ്റ്റനന്റ് ജനല്‍ സയീദ് അതാ ഹസ്നൈനും പങ്കെടുക്കും.
ജൂലായ് 4 മുതല്‍ ജൂലായ് 9 വരെയാണ് അനുശോചന ചടങ്ങുകള്‍. അനുശോചന ചടങ്ങുകള്‍ക്കായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗിക ക്ഷണിച്ചിരുന്നു. നയതന്ത്രപരമായി ഒട്ടേറെ വെല്ലുവിളികളുള്ള ചടങ്ങില്‍ ഇന്ത്യയുടെ സാന്നിധ്യം എങ്ങനെയായിരിക്കുമെന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു.
ഫെബ്രുവരി 28-ന് ഇസ്രായേലും അമേരിക്കയും ടെഹ്‌റാനില്‍ വ്യോമാക്രമണം ആരംഭിച്ച ആദ്യ ദിവസം തന്നെ 86 വയസ്സുള്ള ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടു. 36 വര്‍ഷമാണ് ഖമനേയി പരമോന്നത നേതാവായി ഇറാനെ നയിച്ചത്. വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങ്.
ഫെബ്രുവരിയില്‍ അദ്ദേഹം കൊല്ലപ്പെട്ടതു മുതല്‍ സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച് ഊഹാപോഹങ്ങള്‍ക്കിടയാക്കിയിരുന്നു. യുദ്ധത്തിന് പിന്നാലെ യുഎസുമായി ധാരണപാത്രം ഒപ്പുവെച്ചതിന് ശേഷമാണിപ്പോള്‍ ഖമനേയിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. 20 ദശലക്ഷത്തോളം ആളുകള്‍ ചടങ്ങുകളില്‍ പങ്കെടുക്കുമെന്നാണ് വിവരം. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അടക്കമുള്ളവര്‍ ചടങ്ങിനെത്തും.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉള്‍പ്പെടെയുള്ള പാകിസ്താന്‍ ഉദ്യോഗസ്ഥരും പങ്കെടുക്കാന്‍ സാധ്യതയുണ്ട്. ഈ കണക്കുകള്‍ പ്രകാരം ആളുകള്‍ എത്തുകയാണെങ്കില്‍, ഇറാനിയന്‍ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ ആയത്തുള്ള റൂഹുല്ല ഖൊമേനിയുടെ 1989-ലെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 10 ദശലക്ഷം ആളുകളെ ഇത് മറികടന്നേക്കാം.