ന്യൂഡൽഹി: ഇന്ന് എന്തിനും ഏതിനും പണമിടപാടുകൾക്കായി ഗൂഗിൾപേ, ഫോൺപേ, പേടിഎം പോലുള്ള ആപ്പുകളാണ് നമ്മൾ ഉപയോഗിക്കുന്നത്. ഇന്ത്യ ഏതാണ്ട് പൂർണമായും ഡിജിറ്റൽ പണമിടപാടിലേയ്ക്ക് മാറിക്കഴിഞ്ഞു. എന്നാൽ സൗജന്യ യുപിഐ ഇടപാടുകൾക്ക് ഇന്ത്യയിൽ അവസാനമാവുകയാണോ എന്ന ചോദ്യത്തിന് ആണെന്നും അല്ലെന്നുമാണ് ഉത്തരം. നിങ്ങൾ ആരാണെന്നും എത്ര രൂപയാണ് അയക്കുന്നതെന്നും സ്വീകരിക്കുന്നതെന്നും അനുസരിച്ചായിരിക്കും ഇനിമുതൽ യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുക.
2000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്കും റുപേ കാർഡ് ഉപയോഗിച്ചുള്ള ഡെബിറ്റ് കാർഡ് പണമിടപാടുകൾക്കും ബാങ്കുകളും ഓൺലൈൻ പ്ളാറ്റ്‌ഫോമുകളും യാതൊരു നിരക്കും ചുമത്തരുതെന്ന് കേന്ദ്ര ധനമന്ത്രാലയം കഴിഞ്ഞദിവസം നിർദ്ദേശം പുറത്തിറക്കിയിരുന്നു. 2000 രൂപ വരെയുള്ള ഇത്തരം ഇടപാടുകളെ ഇലക്ട്രോണിക് ഇടപാടായി കണക്കാക്കണം. അതിനാൽ പണം അയയ്‌ക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നവരിൽ നിന്ന് നേരിട്ടോ അല്ലാതെയോ ചാർജ് ചുമത്തരുതെന്നാണ് കേന്ദ്ര നിർദ്ദേശം.
യുപിഐ ഇടപാട് നടത്തുന്നയാൾ ഒരു ഉപഭോക്താവാണെങ്കിൽ അധിക ചാർജ് നൽകേണ്ടതില്ല, സേവനം പൂർണമായും സൗജന്യമായിരിക്കും. എന്നാൽ ഓൺലൈൻ പണമിടപാട് നടത്തുന്നയാൾ ഒരു വ്യാപാരിയാണെങ്കിൽ ഒറ്റത്തവണയായി 2000 രൂപയിൽ കൂടുതൽ തുക ലഭിക്കുമ്പോൾ 0.4 ശതമാനം ഫീസ് നൽകേണ്ടതുണ്ട് (പരമാവധി 300 രൂപ വരെ). എന്നാൽ, റെയിൽവേ ടിക്കറ്റ് ബുക്കിംഗ്, ഇന്ധനത്തിനുള്ള പണമടയ്ക്കൽ തുടങ്ങിയ ഇടപാടുകൾക്ക് ഈ ഫീസ് അഞ്ച് രൂപയായി നിജപ്പെടുത്തിട്ടുണ്ട്. ഇത്തരം ഇടപാടുകളിൽ 2000 രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് അഞ്ച് രൂപയുടെ നിശ്ചിത നിരക്ക് ബാധകമായിരിക്കും. എന്നാൽ ഇതിനായി ഉപഭോക്താവ് പണം നൽകേണ്ടതില്ല. വിൽപ്പനക്കാരനാണ് ആ തുക നൽകേണ്ടത്. മാത്രമല്ല അതിനായി ഉപഭോക്താക്കളിൽ നിന്ന് പണം ഈടാക്കാനും അവർക്ക് കഴിയില്ല.
യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫേസിനായുള്ള (യുപിഐ) ‘മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്’ (എംഡിആർ) ചട്ടക്കൂടിന്റെ ഭാഗമാണ് ഈ നിരക്കുകൾ. നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ആണ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ 15 മുതൽ ഇത് പ്രാബല്യത്തിൽ വന്നിരുന്നു. പ്രവർത്തനങ്ങൾ നിലനിർത്തുന്നതിനും സേവനം വിപുലീകരിക്കുന്നതിനും സഹായിക്കുന്നതിനായി ഈ തുക ബാങ്കുകൾക്കും ആപ്പ് സേവനദാതാക്കൾക്കും ലഭിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു.
യുപിഐ ഇടപാടുകൾക്ക് ഈടാക്കുന്ന ഫീസ് സർക്കാരിന് ലഭിക്കില്ല. വരുമാനം ബാങ്കുകൾ, പേയ്‌മെന്റ് സേവന ദാതാക്കൾ, യുപിഐ ആപ്പ് ദാതാക്കൾ എന്നിവർക്കാണ് ലഭിക്കുന്നത്.
നിങ്ങൾ കാറിന്റെ ഇന്ധന ടാങ്ക് നിറയ്ക്കുന്നു. ബില്ലിൽ 5000 രൂപ എന്ന് കാണിക്കുന്നു. എന്നാൽ പെട്രോൾ പമ്പ് നടത്തുന്നത് നിങ്ങളാണെങ്കിൽ മാത്രമേ നിങ്ങളിൽ നിന്ന് ഫീസ് ഈടാക്കുകയുള്ളൂ. ഈ സാഹചര്യത്തിൽ അഞ്ച് രൂപയുടെ ഒരു നിശ്ചിത നിരക്കാണ് ബാധകമാകുന്നത്. അത് ഇന്ധന കമ്പനിയോ പെട്രോൾ പമ്പ് നടത്തിപ്പുകാരനോ ആണ് നൽകുന്നത്. ഒരു ഉപഭോക്താവ് എന്ന നിലയിൽ നിങ്ങൾ ഇന്ധനത്തിനുള്ള പണം മാത്രം നൽകിയാൽ മതി.
ഇന്ത്യയിൽ സൗജന്യ യുപിഐ ഇടപാടുകളുടെ കാലം അവസാനിച്ചോ? ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാം