2013-ലെ ഛത്തീസ്ഗഡ് മാവോയിസ്റ്റ് ആക്രമണം: 29 പേർ കൊല്ലപ്പെട്ട കേസിൽ 10 പ്രതികൾക്ക് വധശിക്ഷ

ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ജിറാം ഘാട്ടിയിൽ മാവോയിസ്റ്റുകൾ നടത്തിയ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നിൽ 29 പേർ കൊല്ലപ്പെട്ട കേസിൽ 10 പ്രതികൾക്ക് പ്രത്യേക നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) കോടതി വധശിക്ഷ വിധിച്ചു.ആക്രമണത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം തന്നെ തുടച്ചുനീക്കപ്പെട്ടിരുന്നു. സംഭവം നടന്ന് 13 വർഷം കഴിഞ്ഞ ശേഷമാണ് വിധി വന്നിരിക്കുന്നത്.
2013 മെയ് 25-നാണ്, ബസ്തർ ജില്ലയിലെ ദർഭ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജിറാം ഘാട്ടിയിൽ (വാലി) ദേശീയപാതയിലൂടെ പരിവർത്തൻ റാലിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കോൺഗ്രസ് നേതാക്കളുടെ വാഹനവ്യൂഹത്തിന് നേരെ മാവോയിസ്റ്റുകൾ പതിയിരുന്ന് ആക്രമണം നടത്തിയത്. അന്നത്തെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നന്ദ് കുമാർ പട്ടേൽ, അദ്ദേഹത്തിന്റെ മകൻ ദിനേശ്, നിയമസഭയിലെ മുൻ പ്രതിപക്ഷ നേതാവ് മഹേന്ദ്ര കർമ്മ, മുൻ കേന്ദ്രമന്ത്രി വിദ്യാചരൺ ശുക്ല, മുൻ എം.എൽ.എ ഉദയ് മുദ്‌ലിയാർ തുടങ്ങിയ പ്രമുഖ കോൺഗ്രസ് നേതാക്കൾ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. കൂടാതെ നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.
101 സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുകയും ഒരു വലിയ രേഖാശേഖരം ഈ കേസിൽ പരിശോധിക്കുകയും ചെയ്തു. ഈ മാസം ആദ്യം ജഗദൽപൂരിലെ പ്രത്യേക എൻഐഎ കോടതിയിലെ സ്പെഷ്യൽ ജഡ്ജ് അഭയ് സിംഗ് രജ്പുത് രണ്ട് സ്ത്രീകൾ ഉൾപ്പെടെ 10 പേരെ കുറ്റക്കാരായി വിധിച്ചിരുന്നു.
ബുധനാഴ്ച, കോടതി എല്ലാ 10 പ്രതികൾക്കും അവർക്കെതിരെയുള്ള 24 കുറ്റങ്ങളിൽ 7 എണ്ണത്തിന്റെ പേരിൽ വധശിക്ഷയും 800 രൂപ വീതം പിഴയും വിധിച്ചു. ഹൈക്കോടതി ഉത്തരവിന് ശേഷം മാത്രമായിരിക്കും ശിക്ഷ നടപ്പിലാക്കുക. അതുവരെ പ്രതികൾ സെൻട്രൽ ജയിലിൽ കഴിയുമെന്നും 30 ദിവസത്തിനകം ഹൈക്കോടതിയിൽ അപ്പീൽ നൽകാം എന്നും ഉത്തരവിൽ പറയുന്നു.
ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ സംശയങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവും മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ഭാഗെൽ, ഇതിനുപിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) സ്വതന്ത്രമായി അന്വേഷിക്കാൻ അവസരം നൽകിയിരുന്നെങ്കിൽ ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്താനാകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഭാഗെലിന് ഈ കേസിൽ താല്പര്യമില്ലായിരുന്നുവെന്ന് മുൻ ബിജെപി ദേശീയ ഉപാധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ രമൺ സിംഗ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *