കൊക്കെയ്‌നുമായി മലയാളി ഡിജെയും വിദേശികളും പിടിയിൽ ,​ ലഹരിക്കേസിൽ യുഎഇയിൽ നിന്ന് നാടുകടത്തിയവരും പ്രതികൾ

കൊച്ചി: രാജ്യാന്തര ബന്ധമുള്ള മയക്കുമരുന്ന് ശൃംഖലയിലെ വിദേശികളുൾപ്പെടെ 7 പേരെ കേന്ദ്ര ഏജൻസിയായ നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റ് ചെയ്തു. യു.എ.ഇയിൽ നിന്ന് കേരളത്തിലേക്ക് നാടുകടത്തപ്പെട്ട മൂന്നു മലയാളികളും ഇതിലുൾപ്പെടും. ഇവരിൽ നിന്ന് രാജ്യാന്തര വിപണിയിൽ 16.55 ലക്ഷം രൂപ വിലമതിക്കുന്ന 33.1 ഗ്രാം കൊക്കെയ്ൻ കണ്ടെടുത്തു.
പഞ്ചാബ് കപൂർത്തല സ്വദേശി ഗുർപ്രീത് സിംഗ്, കോഴിക്കോട് ബേപ്പൂർ സ്വദേശി ഹമ്ദാൻ അഹമ്മദ്, കോഴിക്കോട് അരക്കിണർ സ്വദേശി പി. അഫ്ലാഹ്, ഊട്ടിയിൽ റിസോർട്ട് നടത്തുന്ന മലയാളി ഡി.ജെ. സിദ്ധാർത്ഥ് ദാമോദർ, ബംഗളൂരുവിൽ സ്ഥിര താമസമാക്കിയ തമിഴ്നാട് സ്വദേശി അരുൺ രാജ്കുമാർ, നൈജീരിയ സ്വദേശി ചിസോബ് ഹെലൻ അന്റണി (സോണിയ), സിംബാബ്‌വെ സ്വദേശി മുഫുകാറെ വിറ്റാലിസ് താഡിസ്വാനാഷെ എന്നിവരാണ് എൻ.സി.ബി കൊച്ചി സോണൽ യൂണിറ്റിന്റെ പിടിയിലായത്.
ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്ന അരുൺ രാജ്‌കുമാറാണ് സംസ്ഥാനാനന്തര കൊക്കെയ്ൻ കടത്തിന് നേതൃത്വം നൽകുന്നത്. വിദേശികളിൽ നിന്ന് മയക്കുമരുന്ന് തരപ്പെടുത്തി ഇടനിലക്കാർക്ക് കൈമാറുന്നത് ഇയാളാണ്. മെഡിക്കൽ അറ്റൻഡന്റ് വിസയിൽ 10 കൊല്ലമായി ഇന്ത്യയിൽ തങ്ങുന്ന ചിസോബ് ഹെലനും വിദ്യാർത്ഥി വിസയിൽ രണ്ട് കൊല്ലമായി തങ്ങുന്ന മുഫുകാറെ വിറ്റാലിസുമാണ് ഇന്ത്യയിലേക്ക് മയക്ക്മരുന്ന് കടത്തുന്നത്.
സെപ്തംബർ 10ന് ഗുർപ്രീത് സിംഗ്, ഹമ്ദാൻ അഹമ്മദ്, അഫ്ലാഹ് എന്നിവർ 8.12 ഗ്രാം കൊക്കെയ്നുമായി ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ പിടിയിലായതാണ് മയക്കുമരുന്ന് സംഘത്തെ കുടുക്കിയത്. പ്രതികളുടെ മൊഴിയെ തുടർന്ന് സിദ്ധാർത്ഥ് ദാമോദറിനെ എൻ.സി.ബി അറസ്റ്റ് ചെയ്തു. നിശാപാർട്ടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സിദ്ധാർത്ഥ് കേരളത്തിലെ ഡി.ജെ പാർട്ടികളിൽ കൊക്കെയ്ൻ എത്തിക്കുന്ന ഇടനിലക്കാരൻ കൂടിയാണ്. ലഹരി എത്തുന്നത് ബംഗളൂരുവിൽ നിന്നാണെന്നും പ്രതികൾ വെളിപ്പെടുത്തി.
ബംഗളൂരുവിൽ നിന്ന് അരുൺ രാജ്കുമാർ അറസ്റ്റിലായതോടെ ഇന്ത്യയിലേക്ക് കൊക്കെയ്ൻ എത്തിക്കുന്ന മുഫുകാറെ വിറ്റാലിസ് , ചിസോബ് ഹെലൻ അന്റണി എന്നിവരെ കുറിച്ച് വിവരം ലഭ്യമായി. ഇരുവരെ 24 .98 ഗ്രാം കൊക്കെയ്നുമായി ബംഗളൂരുവിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *