ന്യൂഡൽഹി: ഡൽഹിയിലെ സ്വരൂപ് നഗറിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതിയുടെ മൃതദേഹം കണ്ടതും പൊലീസിനെ അറിയിച്ചതും നാട്ടുകാരായിരുന്നു. സെപ്റ്റംബർ 13-ന് രാവിലെ സ്വരൂപ് നഗറിന് സമീപമുള്ള പാടത്ത് അഴുകിയ നിലയിലുള്ള മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചുകീറി തിന്നുന്ന ഭീകരമായ കാഴ്ചയായിരുന്നു അത്. കൈ അറ്റുപോയ നിലയിലും നായ്ക്കൾ ഭാഗികമായി തിന്നതുമായ മൃതദേഹം കണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഞെട്ടിപ്പോയി. മരിച്ചത് സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാൻ സാധിക്കാത്തവിധം വികൃതമായിരുന്നു മൃതശരീരം.
ഇരയുടെ മുഖം പൂർണ്ണമായി വികൃതമാക്കിയിരുന്നുവെന്നും ശരീരത്തിൽ നിരവധി കുത്തേറ്റ പാടുകളുണ്ടായിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ പീഡനത്തിനിരയായതായി സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചു. മൃതദേഹത്തിന്റെ ചില ഭാഗങ്ങൾ തെരുവ് നായ്ക്കൾ തിന്നിരുന്നുവെന്നും ഒരു കൈ ശരീരത്തിൽ നിന്ന് വേർപെട്ട നിലയിലായിരുന്നു കണ്ടെത്തിയതെന്നും പോലീസ് കൂട്ടിച്ചേർത്തു. തുടർന്നുള്ള അന്വേഷണത്തിലാണ് കൂട്ടബലാത്സംഗത്തിനിരയായി കുത്തേറ്റു മരിച്ച 17 കാരിയാണ് അതെന്ന് വ്യക്തമായത്. കുശക് റോഡിലെ പാടത്താണ് മൃതദേഹം ഉപേക്ഷിച്ചിരുന്നത്. സെപ്റ്റംബർ 11 വെള്ളിയാഴ്ചയാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്.
പെൺകുട്ടി വീടുവിട്ടുപോയതായി കുടുംബം പരാതി നൽകിയിരുന്നില്ല. പെൺകുട്ടി ഇടയ്ക്കിടെ വീടുവിട്ട് പോകാറൂണ്ടെന്നും ഏതാനും ദിവസങ്ങൾക്ക് ശേഷം തിരിച്ചെത്താറുണ്ടെന്നുമാണ് കുടുംബം പോലീസിനോട് പറഞ്ഞത്. കുറ്റകൃത്യം നടന്ന ദിവസം പ്രതികളായ നാല് പേർക്കൊപ്പം (അതിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ്) പെൺകുട്ടി ഒരു ടെമ്പോയിൽ യാത്ര ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി.
ദൃക്‌സാക്ഷികളാരും ഇല്ലാതിരുന്നതും കുറ്റവാളികളുടെ വിവരങ്ങൾ ആദ്യം വ്യക്തമല്ലാതിരുന്നതുമായ കേസിൽ, ആ പ്രദേശവും അനുബന്ധ വഴികളും ഉൾക്കൊള്ളുന്ന 50-ലധികം സിസിടിവി ക്യാമറകൾ പൊലീസ് സംഘം പരിശോധിച്ചു. പരിശോധനയ്ക്കിടയിൽ, സംഭവസ്ഥലത്തിന് സമീപം നിർദ്ദിഷ്ട സമയത്ത് ഒരു ടെമ്പോ സഞ്ചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇരുട്ട് കാരണം വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ വ്യക്തമായിരുന്നില്ല. തുടർന്ന്, ഒന്നിലധികം സിസിടിവി ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് അന്വേഷണ ഉദ്യോഗസ്ഥർ വാഹനത്തിന്റെ സഞ്ചാരപഥം നിരീക്ഷിച്ചു.
സെപ്റ്റംബർ 15, 16 തീയതികളിലെ രാത്രിയിൽ രാത്രി മുഴുവൻ നീണ്ടുനിന്ന തെരച്ചിൽ നടത്തി സംശയാസ്പദമായ ടെമ്പോ കണ്ടെത്തി. ഡ്രൈവറെ തിരിച്ചറിഞ്ഞ് ചോദ്യം ചെയ്തു.തുടർന്നുള്ള അന്വേഷണത്തിൽ മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെ നാല് പേരെ ഈ കുറ്റകൃത്യവുമായി ബന്ധമുണ്ടെന്ന സംശയത്തിൽ പിടികൂടി.ഖദ്ദ കോളനിയിലെ താമസക്കാരനായ ശിവം എന്ന സുദാമ എന്ന ചുച്ചു എന്നാണ് മുതിർന്ന പ്രതിയുടെ പേര്. പ്രായപൂർത്തിയാകാത്ത മൂന്ന് പേർക്ക് 16, 17 എന്നിങ്ങനെയാണ് വയസ്സ് എന്ന് പൊലീസ് അറിയിച്ചു. കൃത്യത്തിന് ഉപയോഗിച്ചുവെന്ന് സംശയിക്കുന്ന രണ്ട് കട്ടികളും, പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളും, ടെമ്പോയും കണ്ടെടുത്തു.
ഡൽഹി കൂട്ടബലാത്സംഗം; ഇരയുടെ ശരീരം തെരുവുനായ്ക്കൾ ഭക്ഷണമാക്കി, അഴുകിയ മൃതദേഹത്തിന് ഒരു കൈ നഷ്ടമായിരുന്നു!