‘കച്ചവട താത്പര്യമല്ല’; തിരുവനന്തപുരം മൃഗശാല മാറ്റുന്നതിൽ സിപിഎം ആരോപണം തള്ളി മന്ത്രി

തിരുവനന്തപുരം: തലസ്ഥാന നഗരഹൃദയത്തിലെ തിരുവനന്തപുരം മൃഗശാല നെയ്യാർ വനമേഖലയോട് ചേർന്ന പ്രദേശത്തേക്ക് മാറ്റാനുള്ള നീക്കത്തിന് പിന്നിൽ കച്ചവട താത്പര്യങ്ങളാണെന്ന സിപിഎം ആരോപണം തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. സിപിഎമ്മിന്റെ രാഷ്ട്രീയ എതിർപ്പുകൾക്കിടയിലും മൃഗശാല നെയ്യാറിലേക്ക് മാറ്റുന്നതിനുള്ള പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് മന്ത്രി വ്യക്തമാക്കി.
മൃഗങ്ങൾക്ക് കൂടുതൽ മികച്ച ആവാസവ്യവസ്ഥയും സൗകര്യങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി മൃഗശാല നഗരത്തിന് പുറത്തേക്ക് മാറ്റുന്നത് സർക്കാർ സജീവമായി പരിഗണിക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാൽ നഗരഹൃദയത്തിലെ അമൂല്യമായ ഭൂമി തട്ടിയെടുക്കാനുള്ള റിയൽ എസ്റ്റേറ്റ്, കച്ചവട താത്പര്യങ്ങളാണ് മൃഗശാല മാറ്റാനുള്ള നീക്കത്തിന് പിന്നിലെന്നാണ് സിപിഎം ആരോപണം. അതേസമയം, മൃഗശാല മാറ്റാനുള്ള സർക്കാർ തീരുമാനത്തെ പിന്തുണച്ച് ബിജെപി നേതാവും തിരുവനന്തപുരം മേയറുമായ വി.വി. രാജേഷും നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *