ചെന്നൈ: സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ മോതിരം സമ്മാനിക്കുന്ന ‘തായ്മാമൻ തങ്ക മോതിരം’ പദ്ധതിയുമായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. ടിവികെ സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. സെപ്തംബർ 28ന് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിച്ച എല്ലാ കുഞ്ഞുങ്ങളും ഈ പദ്ധതിക്ക് അർഹരാണ്. മോതിരങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ ആറിന് നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായാണ് പ്രഖ്യാപനം.
സെപ്തംബർ 22 മുതൽ 107 കേന്ദ്രങ്ങൾ വഴിയാണ് മോതിരങ്ങൾ വിതരണം ചെയ്യുന്നത്. തുടർന്ന്, സർക്കാർ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മടങ്ങുമ്പോൾ തന്നെ അർഹരായ കുഞ്ഞുങ്ങൾക്ക് സ്വർണ്ണ മോതിരം കൈമാറും. തമിഴ്നാട്ടിൽ സ്ഥിരതാമസക്കാരായ ആർ.സി.എച്ച് തിരിച്ചറിയൽ നമ്പറോടുകൂടി പി.ഐ.സി.എം.ഇയിൽ രജിസ്റ്റർ ചെയ്തവരുമായ അമ്മമാരുടെ കുഞ്ഞുങ്ങൾക്കാണ് പദ്ധതിക്ക് അർഹതയുള്ളത്. ഓരോ മോതിരത്തിലും പ്രത്യേക സീരിയൽ നമ്പർ ഉണ്ടായിരിക്കും. കൂടാതെ സുരക്ഷിതമായ പാക്കിംഗിലാണ് ഇവ നൽകുക. ആദ്യ ഘട്ടത്തിൽ 1.28 ലക്ഷം മോതിരങ്ങൾ ഇതിനോടകം വാങ്ങിയിട്ടുണ്ട്. സംസ്ഥാന ബഡ്‌ജറ്റിൽ പദ്ധതിക്കായി 755 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്.
. അതേസമയം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മധുരാന്തകം, ധാരാപുരം എന്നീ രണ്ട് മണ്ഡലങ്ങളിലും തമിഴ്നാട് സർക്കാർ അനുമതി നേടാത്തതിനാൽ പദ്ധതി നടപ്പിലാക്കാൻ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സൗജന്യ പ്രഭാതഭക്ഷണ പദ്ധതിക്ക് മാത്രമാണ് ഇവിടെ സംസ്ഥാന സർക്കാർ ഇലക്ഷൻ കമ്മീഷന്റെ അനുമതി വാങ്ങിയിട്ടുള്ളത്.
സർക്കാർ സംവിധാനങ്ങളിൽ പൊതുജനങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുക, ആശുപത്രികളിൽ സുരക്ഷിത പ്രസവങ്ങൾ പ്രോത്സാഹിപ്പിക്കുക, നവജാത ശിശുവിന് മാതൃസഹോദരൻ (അമ്മാവൻ) സ്വർണം സമ്മാനിക്കുന്ന തമിഴ് പാരമ്പര്യം കാത്തുസൂക്ഷിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. തമിഴ്നാട്ടിൽ പ്രതിവർഷം ഏകദേശം 7.8 ലക്ഷം ജനനങ്ങളാണ് നടക്കുന്നത്. ഇതിൽ 99.9 ശതമാനവും ആശുപത്രികളിലാണ് നടക്കുന്നത്. ഏകദേശം 4.2 ലക്ഷം പ്രസവങ്ങൾ (53 ശതമാനം) നടക്കുന്നത് സർക്കാർ ആശുപത്രികളിലാണ്.
മാതൃശിശുക്ഷേമം, പൊതുജനാരോഗ്യം, തമിഴ് സംസ്‌കാരം എന്നിവയാണ് ടിവികെ സർക്കാരിന്റെ ലക്ഷ്യമെന്ന് പറയുന്നുണ്ടെങ്കിലും സ്വർണ മോതിര പദ്ധതിക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഡി.എം.കെ സർക്കാരിൽ നിന്ന് തകർന്ന സാമ്പത്തിക സ്ഥിതിയാണ് തങ്ങൾക്ക് ലഭിച്ചതെന്നും തമിഴ്നാടിന്റെ കടം 10 ലക്ഷം കോടി രൂപയോളമാണെന്നുമുള്ള ടി.വി.കെ സർക്കാരിന്റെ അവകാശവാദങ്ങൾക്കിടയിലാണ് പദ്ധതി നടപ്പിലാക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
സ്‌ത്രീകൾക്കും കുട്ടികൾക്കും സ്വർണ മോതിരം; തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ ഒരുങ്ങി മുഖ്യമന്ത്രി വിജയ്