മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബണിലുണ്ടായ വാഹനാപകടത്തിൽ ആന്ധ്രാപ്രദേശ് സ്വദേശിനിയായ യുവതിക്കും ഭർതൃമാതാവിനും ദാരുണാന്ത്യം. വിശാഖപട്ടണം സ്വദേശിനിയായ നേഹ ബൊമ്മളി (33), ഭർതൃമാതാവ് രമാ ദേവി (67) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ പോർഷെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. 16ന് രാത്രി 9:40ഓടെ മെൽബണിലെ തെക്കുപടിഞ്ഞാറൻ നഗരമായ പോയിന്റ് കുക്കിലെ ബോർഡ്‌വാക്ക് ബുലെവാർഡ് ഇന്നിസ്‌ഫെയ്ൽ ഡ്രൈവ് ജംഗ്‌ഷനിലായിരുന്നു അപകടം. ടൊയോട്ട കൊറോള കാറിലായിരുന്നു ഇരുവരും സഞ്ചരിച്ചിരുന്നത്. അമിത വേഗതയിലെത്തിയ പോർഷെ കാർ ഇവർ സഞ്ചരിച്ച കാറുമായി ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പോർഷെ ഡ്രൈവറെയും സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേഹയും രമാദേവിയും ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരിച്ചിരുന്നു. പോർഷെ ഡ്രൈവർ ചികിത്സയിലാണ്. മൂന്നര വയസുള്ള ഹാരവ്, ഒരു വയസുള്ള വിവൺവി എന്നീ രണ്ട് കുട്ടികളുടെ അമ്മയാണ് നേഹ. മകനെയും മരുമകളെയും പേരക്കുട്ടികളെയും സന്ദർശിക്കാൻ ടൂറിസ്റ്റ് വിസയിലാണ് നേഹയുടെ അമ്മായിയമ്മയും ഭർത്താവ് തുളസി പ്രസാദും ഓസ്‌ട്രേലിയയിൽ എത്തിയത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
മെൽബണിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ഇന്ത്യക്കാരായ യുവതിക്കും ഭർതൃമാതാവിനും ദാരുണാന്ത്യം