ബീജിങ്: സങ്കീർണമായ പർവതഭൂപ്രദേശങ്ങളിൽ തുരങ്കനിർമാണം വേഗത്തിലാക്കുന്നതിനായി ലോകത്തിലെ ആദ്യ ടണൽ ബോറിങ്–ബ്ലാസ്റ്റിങ് യന്ത്രം വികസിപ്പിച്ച് ചൈന. ‘ഷിയാങ്‌ലോങ്’ എന്ന് പേരിട്ട യന്ത്രം സിൻഹുവ സർവകലാശാലയും സർക്കാർ ഉടമസ്ഥതയിലുള്ള ചൈന റെയിൽവേ ഗ്രൂപ്പിന്റെ യൂണിറ്റും ചേർന്നാണ് വികസിപ്പിച്ചത്.
മധ്യ ചൈനയിലെ ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് 4.5 മീറ്റർ വ്യാസമുള്ള യന്ത്രം നിർമാണശാലയിൽനിന്ന് പുറത്തിറക്കിയത്. പരമ്പരാഗത ടണൽ ബോറിങ് യന്ത്രങ്ങളേക്കാൾ വലിപ്പം കുറഞ്ഞ ഈ ഹൈബ്രിഡ് സംവിധാനം ഖനനത്തിനൊപ്പം ഡ്രില്ലിങ്, ബ്ലാസ്റ്റിങ് സാങ്കേതികവിദ്യകളും സംയോജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്.
അത്യന്തം കഠിനമായ പാറകളിൽ തുരങ്കം നിർമിക്കുന്നതിന്റെ കാര്യക്ഷമത 30 ശതമാനം വർധിപ്പിക്കാൻ പുതിയ യന്ത്രത്തിന് കഴിയുമെന്നാണ് അധികൃതരുടെ അവകാശവാദം. കഠിനവും വിള്ളലുകളുള്ളതുമായ പർവതശിലകളിലൂടെ കടന്നുപോകുമ്പോൾ സാധാരണ ടണൽ ബോറിങ് യന്ത്രങ്ങളുടെ പ്രവർത്തനം മന്ദഗതിയിലാകുന്നതാണ് പ്രധാന വെല്ലുവിളി.
നിലവിൽ ഇത്തരം ഭൂപ്രദേശങ്ങളിൽ ടണൽ ബോറിങ് യന്ത്രവും പരമ്പരാഗത ഡ്രിൽ–ബ്ലാസ്റ്റ് രീതിയും മാറിമാറി ഉപയോഗിക്കേണ്ടിവരാറുണ്ട്. ഇതിനായി യന്ത്രങ്ങൾ അഴിച്ചുമാറ്റുകയോ പിന്നോട്ടെടുക്കുകയോ ചെയ്യേണ്ടതുണ്ടെന്നും ഇത് നിർമാണം വൈകുന്നതിനും സുരക്ഷാ അപകടസാധ്യത വർധിക്കുന്നതിനും കാരണമാകുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
പൂർണമായും ചൈനീസ് വിതരണശൃംഖലയെ ആശ്രയിച്ചാണ് ‘ഷിയാങ്‌ലോങ്’ നിർമിച്ചത്. ഹെനാൻ പ്രവിശ്യയിൽ നിർമാണത്തിലിരിക്കുന്ന പമ്പ്ഡ് സ്റ്റോറേജ് വൈദ്യുതനിലയത്തിലാണ് യന്ത്രത്തിന്റെ ആദ്യ പരീക്ഷണപ്രവർത്തനം നടത്തുക. സർക്കാർ ഉടമസ്ഥതയിലുള്ള പവർ കൺസ്ട്രക്ഷൻ കോർപ്പറേഷൻ ഓഫ് ചൈനയുടെ അനുബന്ധ സ്ഥാപനമാണ് പദ്ധതി നടപ്പാക്കുന്നത്.