യുഎഇയിലെ ഇന്ത്യന്‍ പാസ്പോര്‍ട്ട്, വിസ, കോണ്‍സുലര്‍ സേവനങ്ങള്‍ക്കുള്ള ഔട്ട്സോഴ്സിങ് ഏജന്‍സിയെ മാറ്റിയതായി അബുദാബിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. നിലവിലെ ഏജന്‍സികളായ ബിഎല്‍എസ് ഇന്റര്‍നാഷണല്‍, എസ്ജിഐവിഎസ് ഗ്ലോബല്‍ എന്നിവയ്ക്ക് പകരമായി അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിനെ തിരഞ്ഞെടുത്തു.
അബുദാബി: യുഎഇയിലെ ഇന്ത്യന്‍ പാസ്പോര്‍ട്ട്, വിസ, കോണ്‍സുലര്‍ സേവനങ്ങള്‍ക്കുള്ള ഔട്ട്സോഴ്സിങ് ഏജന്‍സിയെ മാറ്റിയതായി അബുദാബിയിലെ ഇന്ത്യന്‍ എംബസി. നിലവിലെ സേവനദാതാക്കളായ ബിഎല്‍എസ് ഇന്റര്‍നാഷണല്‍ , എസ്ജിഐവിഎസ് ഗ്ലോബല്‍ എന്നിവയ്ക്ക് പകരമായി പ്രമുഖ ട്രാവല്‍ ഗ്രൂപ്പായ അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിനെ പുതിയ ഏജന്‍സിയായി തിരഞ്ഞെടുത്തു.ജൂണ്‍ 30 വരെ പഴയപടി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്ത്യന്‍ പാസ്പോര്‍ട്ട്, വിസ അപേക്ഷകള്‍ സ്വീകരിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനുമുള്ള ചുമതല അല്‍ഹിന്ദിന് കൈമാറിയത്. 2026 ജൂലൈ 1 മുതല്‍ ഈ പുതിയ മാറ്റം നിലവില്‍ വരും. ജൂണ്‍ 30 വരെ നിലവിലുള്ള ബിഎല്‍എസ് ഇന്റര്‍നാഷണല്‍, എസ്ജിഐവിഎസ് ഗ്ലോബല്‍ കേന്ദ്രങ്ങള്‍ വഴി തന്നെ അപേക്ഷകള്‍ സമര്‍പ്പിക്കാം. ജൂലൈ 1 മുതലോ അതിനു ശേഷമോ സമര്‍പ്പിക്കുന്ന എല്ലാ അപേക്ഷകളും അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ കീഴിലുള്ള പുതിയ കേന്ദ്രങ്ങള്‍ വഴിയായിരിക്കും കൈകാര്യം ചെയ്യുക.എല്ലാ എമിറേറ്റുകളിലുമായി 16 പുതിയ കേന്ദ്രങ്ങള്‍ യുഎഇയിലെ ഏഴ് എമിറേറ്റുകളിലുമായി അല്‍ഹിന്ദ് ആകെ 16 പുതിയ കോണ്‍സുലര്‍ സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യന്‍ മിഷനുകളുമായി അല്‍ഹിന്ദ് ഔദ്യോഗിക കരാര്‍ ഒപ്പിട്ടുകഴിഞ്ഞു.
പുതിയ കേന്ദ്രങ്ങള്‍
അബുദാബി (6 കേന്ദ്രങ്ങള്‍): അല്‍ ഖാലിദിയ, അല്‍ റീം ഐലന്‍ഡ്, മുസഫ, മദീനത്ത് സായിദ്, ഗയാത്തി, അല്‍ ഐന്‍.
ദുബായ് (2 കേന്ദ്രങ്ങള്‍): ബര് ദുബായ്, ദുബായ് ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്ക് (DIP).
ഷാര്‍ജ (2 കേന്ദ്രങ്ങള്‍): അല്‍ മജാസ്, റോള.
മറ്റ് കേന്ദ്രങ്ങള്‍: അജ്മാന് (അല്‍ ജുര്‍ഫ്), ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍, ഖോര്ഫക്കാന് (കോര്‍ണിഷ്), കല്‍ബ, റാസല്‍ഖൈമ.
പുതിയ സേവന കേന്ദ്രങ്ങളുടെ കൃത്യമായ വിലാസം, പ്രവര്‍ത്തിക്കുന്ന സമയം, അപ്പോയിന്റ്മെന്റ് എടുക്കേണ്ട രീതികള്‍, സര്‍വീസ് ചാര്‍ജുകള്‍, ബന്ധപ്പെടേണ്ട നമ്പറുകള്‍ എന്നിവ പിന്നീട് ഔദ്യോഗിക ചാനലുകള്‍ വഴി പ്രത്യേകം അറിയിക്കുമെന്ന് എംബസി വ്യക്തമാക്കി. യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തിന് കൂടുതല്‍ കാര്യക്ഷമവും തടസ്സമില്ലാത്തതുമായ ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ ഉറപ്പാക്കാനാണ് ഈ പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്. വ്യാജ വാര്‍ത്തകളില്‍ വീഴരുതെന്നും, മാറ്റങ്ങളുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ക്ക് അബുദാബി ഇന്ത്യന്‍ എംബസിയുടെയും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും വെബ്സൈറ്റുകളും വെരിഫൈഡ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും മാത്രം ആശ്രയിക്കണമെന്നും അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.