
നവമാധ്യമങ്ങള്‍ക്ക് നേരെ സര്‍ക്കാരിന്റെ ‘ബ്ലേഡ് പോലീസ്’; വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തുന്നെന്ന് എം.വി. ജയരാജന്‍
തിരുവനന്തപുരം: വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ‘ബ്ലേഡ് പോലീസിനെ’ ഉപയോഗിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്‍
പ്രതിപക്ഷത്തായിരുന്നപ്പോള്‍ വി.ഡി. സതീശന്‍ ആവേശത്തോടെ ഉയര്‍ത്തിയ പ്രശ്‌നങ്ങളിലൊക്കെ ഭരണത്തില്‍ ഇരിക്കുമ്പോള്‍ സൗകര്യപൂര്‍വം യൂട്ടേണ്‍ അടിക്കുകയാണ്. പിഎം ശ്രീ പദ്ധതിയോടുള്ള നിലപാട് മാറ്റം, മദ്യനികുതി വെട്ടിക്കുറയ്ക്കല്‍, കരിമണല്‍ ഖനനം, പ്രതിയുടെ അഭിഭാഷകനെ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ചത് തുടങ്ങി വിവിധ വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ‘യൂട്ടേണുകള്‍’ സോഷ്യല്‍ മീഡിയയില്‍ ചോദ്യംചെയ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ്-ബിജെപി ഡീല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തെളിവുസഹിതം ചര്‍ച്ചചെയ്യുന്ന നവമാധ്യമങ്ങളെ പോലീസിനെ ഉപയോഗിച്ച് നിശബ്ദമാക്കാനാണ് ശ്രമം നടക്കുന്നത്. ഐടി ആക്റ്റിലെ സെക്ഷന്‍ 79(3)ബി പ്രകാരം മെറ്റയ്ക്ക് പോലീസ് കത്തയച്ച് പോസ്റ്റുകള്‍ നീക്കംചെയ്യിക്കുകയാണെന്നും ഇങ്ങനെപോയാല്‍ മുഖ്യധാരാ മാധ്യമങ്ങളെപ്പോലും സര്‍ക്കാര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് പങ്കുവെച്ച പല പോസ്റ്റുകളും ഇതിനോടകം ‘ഫോട്ടോ നോട്ട് അവൈലബിള്‍ ഇന്‍ ഇന്ത്യ’ എന്ന സന്ദേശത്തോടെ മെറ്റ നീക്കം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിപ്പ വൈറസ് പടരുന്നതിലെ ഭരണപരാജയത്തെ കുറിച്ചുള്ള പോസ്റ്റുകള്‍ക്കും വിലക്കേര്‍പ്പെടുത്തി. കൂടാതെ, വി.ഡി. സതീശന്‍ നല്‍കിയ ‘ഇന്ദിര ഗ്യാരണ്ടി’ വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെട്ടതിനെ പരിഹസിച്ച പോസ്റ്റുകളും നീക്കംചെയ്യപ്പെട്ടവയില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ജയരാജന്‍ പറഞ്ഞു.
എറണാകുളം വാഴക്കുളത്തെ പാരിയത്തുകാവ് കോളനിവാസികളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചതിനെ ‘ബുള്‍ഡോസര്‍ രാജ്’ എന്ന് വിശേഷിപ്പിച്ച പോസ്റ്റുകളും മെറ്റയുടെ സെന്‍സര്‍ഷിപ്പിന് ഇരയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികത്തില്‍ ഇത്തരം ജനാധിപത്യവിരുദ്ധ നടപടികള്‍ നടക്കുന്നത് പ്രതിഷേധാര്‍ഹമാണ്. 51 വര്‍ഷം മുമ്പ് അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കാന്‍ കോണ്‍ഗ്രസ് നടപ്പിലാക്കിയ ‘നാവടക്കൂ പണിയെടുക്കൂ’ എന്ന മുദ്രാവാക്യത്തിന്റെ ആധുനിക രൂപമാണിതെന്ന് ജയരാജന്‍ പറഞ്ഞു.