തിരുവനന്തപുരം: പ്രതിപക്ഷത്തിരുന്നപ്പോള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ ആഞ്ഞടിച്ച യുഡിഎഫ് നേതാക്കള്‍ ഭരണത്തിലെത്തിയപ്പോള്‍ സൊസൈറ്റിക്ക് ‘ക്ലീന്‍ ചീറ്റ്’ നല്‍കി മലക്കംമറിയുന്നു. സി.പി.എമ്മിന്റെ അഴിമതിപ്പണം പാര്‍ക്ക് ചെയ്യുന്ന ഇടമെന്ന് പ്രതിപക്ഷതായിരുന്നപ്പോള്‍ വി.ഡി. സതീശന്‍ വിശേഷിപ്പിച്ച ഊരാളുങ്കലിന്, പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍ നിയമസഭയില്‍ ‘ഗുഡ് സര്‍ട്ടിഫിക്കറ്റ്’ നല്‍കി.
ഊരാളുങ്കല്‍ സൊസൈറ്റിയുടേത് ഗുണനിലവാരമുള്ള പ്രവൃത്തികളാണെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെ അവര്‍ക്ക് കരാറുകള്‍ നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി പി.കെ. ബഷീര്‍ സഭയില്‍ വ്യക്തമാക്കി. പിഡബ്ല്യുഡി മാനുവലും എസ്ബിഡി നിബന്ധനകളും പാലിച്ചാണ് കരാറുകള്‍ നല്‍കുന്നത്. നിലവാര പരിശോധനയ്ക്ക് ശേഷമാണ് ബില്ലുകള്‍ മാറുന്നതെന്നും സൊസൈറ്റിക്ക് മറ്റ് മുന്‍ഗണനകള്‍ ഇല്ലെന്നും അദ്ദേഹം സഭയെ അറിയിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ സാന്നിധ്യത്തിലായിരുന്നു മന്ത്രിയുടെ ഈ വിശദീകരണം എന്നത് ശ്രദ്ധേയമാണ്.
സൊസൈറ്റിയുടെ തുടക്കകാലത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാരണമാണ് എല്ലാവരും അവരുടെ പിന്നാലെ പോയതെന്നാണ് മന്ത്രിയുടെ വാദം. സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ നിലവില്‍ കാണുന്ന കാലതാമസം അവര്‍ക്ക് കൂടുതല്‍ വര്‍ക്ക് ലോഡ് ഉള്ളതുകൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു. കാസര്‍കോട് മുതല്‍ പാറശ്ശാല വരെ ഒട്ടനവധി പദ്ധതികള്‍ ഏറ്റെടുക്കുന്നതിനാലാണ് ഈ മന്ദീഭാവം ഉണ്ടായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് അംഗങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് മന്ത്രി സൊസൈറ്റിയെ പുകഴ്ത്തി മറുപടി നല്‍കിയത്.
പ്രതിപക്ഷത്തിരുന്ന കാലത്ത് നിലവിലെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഊരാളുങ്കലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. കേരളത്തിലെ അഴിമതിയുടെ ലാഭവും കമ്മീഷനും പാര്‍ക്ക് ചെയ്യുന്ന പെട്ടിയാണ് ഊരാളുങ്കല്‍ എന്നും സൊസൈറ്റി വഴി ഖജനാവ് കൊള്ളയടിക്കുകയാണെന്നും അന്ന് സതീശന്‍ ആക്ഷേപിച്ചിരുന്നു. എഐ ക്യാമറ വിവാദം, ആഗോള അയ്യപ്പ സംഗമത്തിന്റെ നിര്‍മ്മാണ കരാര്‍ എന്നിവയിലെല്ലാം ഊരാളുങ്കലിനെതിരെ യുഡിഎഫ് അഴിമതി ആരോപിച്ചിരുന്നു.