പിണറായി-ഗോവിന്ദന്‍ സഖ്യത്തിനെതിരെ കണ്ണൂര്‍ ലോബി

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും കടുത്ത ആഭ്യന്തര കലഹത്തിലേക്കും വലിയൊരു ചേരിതിരിവിലേക്കുമാണ് സിപിഎം ഒടുവില്‍ വഴിമാറുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ പാര്‍ട്ടിയില്‍ അസാധാരണമായ അഴിച്ചുപണികളും തീരുമാനങ്ങളും ഉണ്ടാകുമെന്ന സൂചനകള്‍ ശക്തമായി. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി തിരുത്തല്‍വാദവുമായി രംഗത്തെത്തിയതോടെ സിപിഎമ്മിന്റെ ഔദ്യോഗിക നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്. വരാനിരിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുമ്പോള്‍ പാര്‍ട്ടിയെ കാത്തിരിക്കുന്നത് വിപ്ലവകരമായ മാറ്റങ്ങളോ അതോ പിളര്‍പ്പിന് സമാനമായ ആഭ്യന്തര യുദ്ധമോ എന്ന ചോദ്യമാണ് രാഷ്ട്രീയ കേരളത്തില്‍ ഉയരുന്നത്. വിഎസ്-പിണറായി യുഗത്തിലെ വിഭാഗീയതയുടെ കറുത്ത നാളുകളെപ്പോലും വെല്ലുന്ന തരത്തിലുള്ള കടുത്ത പ്രതിസന്ധിയിലൂടെയാണ് സിപിഎം ഇപ്പോള്‍ കടന്നുപോകുന്നത്. പാര്‍ട്ടിക്കുള്ളിലെ അധികാര സമവാക്യങ്ങളെ പൂര്‍ണ്ണമായി മാറ്റിമറിക്കുന്ന പുതിയൊരു അച്ചുതണ്ടാണ് ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഒരേ മനസ്സോടെ ഔദ്യോഗിക പക്ഷത്ത് നിലയുറപ്പിക്കുമ്പോള്‍, അവരെ നേരിടാന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരിലെ ‘ജയരാജത്രയങ്ങള്‍’ കൈകോര്‍ത്തു കഴിഞ്ഞു എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇ.പി. ജയരാജന്‍, പി. ജയരാജന്‍, എം.വി. ജയരാജന്‍ എന്നിവര്‍ ഒന്നിച്ച് മറുപക്ഷത്ത് നിലയുറപ്പിച്ചത് പിണറായി-ഗോവിന്ദന്‍ സഖ്യത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ചകളെയും പാര്‍ട്ടി വിട്ടുപോയവരോടുള്ള സമീപനങ്ങളെയും ചൊല്ലി ഇരുപക്ഷവും തമ്മിലുള്ള പോര് മുറുകുകയാണ്.

നിയമസഭയ്ക്കുള്ളില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ശൈലിക്കെതിരെയും പാര്‍ലമെന്ററി പാര്‍ട്ടിയിലെ വീഴ്ചകള്‍ക്കെതിരെയും മുന്‍ ധനമന്ത്രിയും കേന്ദ്രകമ്മിറ്റി അംഗവുമായ കെ.എന്‍. ബാലഗോപാല്‍ നടത്തിയ ഒളിയമ്പുകള്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ ഭൂകമ്പമാണ് സൃഷ്ടിച്ചത്. പിണറായി വിജയന്‍ വേണ്ടത്ര തിളങ്ങുന്നില്ലെന്ന വികാരം പരസ്യമാക്കിയ ബാലഗോപാലിനെ രാഷ്ട്രീയമായി തളയ്ക്കാനുള്ള തന്ത്രങ്ങള്‍ അണിയറയില്‍ സജീവമായിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി എല്‍ഡിഎഫിലെ രണ്ടാം കക്ഷിയായ സിപിഐയ്ക്ക് പ്രതിപക്ഷ ഉപനേതാവ് പദവി വിട്ടുനല്‍കാനാണ് ഔദ്യോഗിക പക്ഷത്തിന്റെ ആലോചന. ഉപനേതാവ് പദവി വഴിമാറുന്നതോടെ ബാലഗോപാലിന്റെ പാര്‍ലമെന്ററി സ്വാധീനവും പ്രസക്തിയും വെട്ടിച്ചുരുക്കാന്‍ സാധിക്കുമെന്നാണ് പിണറായി അനുകൂലികള്‍ കരുതുന്നത്. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററും കേന്ദ്രകമ്മിറ്റി അംഗവുമായ പുത്തലത്ത് ദിനേശന് നേരെയും ഔദ്യോഗിക പക്ഷത്തിന്റെ വാളോങ്ങിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പുത്തലത്ത് ദിനേശന്‍ എഴുതിയ കുറിപ്പുകളും വിശകലനങ്ങളും പാര്‍ട്ടി ലൈനിന് വിരുദ്ധമാണെന്നാണ് ഗോവിന്ദന്‍ പക്ഷത്തിന്റെ വിലയിരുത്തല്‍. തോല്‍വിയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ തുറന്നുപറഞ്ഞ് പാര്‍ട്ടിയെ തിരുത്താന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ലേഖനം ദേശാഭിമാനി ചീഫ് എഡിറ്ററുടെ ഭാഗത്തുനിന്നും ഉണ്ടായത് ഗുരുതരമായ അച്ചടക്കലംഘനമായാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പുത്തലത്ത് ദിനേശനെ ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്നും മാറ്റാന്‍ സാധ്യതയേറി.

Leave a Reply

Your email address will not be published. Required fields are marked *