നിസാമാബാദ്: വഴിവിട്ട ബന്ധത്തിന് അവസരമൊരുക്കാൻ യുവതി ഭർത്താവിനെ ഡ്രിപ്പിൽ (ഐവി) ടോയ്ലറ്റ് ക്ലീനർ കുത്തിവച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സ്വകാര്യ ആശുപത്രിയിലെ നഴ്സായ സന്ധ്യയാണ് അറസ്റ്റിലായത്. കൊലപാതകത്തിന് സഹായിച്ച കാമുകനും അയാളുടെ സുഹൃത്തും പിടിയിലായിട്ടുണ്ട്. പ്രശാന്ത് എന്നയാളാണ് കൊല്ലപ്പെട്ടത്. ഗൾഫിൽ നിന്ന് അടുത്തിടെയാണ് ഇയാൾ നാട്ടിൽ തിരിച്ചെത്തിയത്.
അനിൽ എന്ന യുവാവുമായി സന്ധ്യക്ക് കുറച്ചുനാളായി അടുപ്പമുണ്ടായിരുന്നു. ഇത് പ്രശാന്തുമായുള്ള സന്ധ്യയുടെ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാക്കി. തുടർന്നാണ് പ്രശാന്തിനെ ഒഴിവാക്കാൻ സന്ധ്യ അനിലുമായി ഗൂഢാലോചന നടത്തുകയും അനിലിന്റെ സുഹൃത്തിന്റെ സഹായത്തോടെ കൊലനടത്തുകയും ചെയ്തത്. കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താനായിരുന്നു പദ്ധതി. അനിലും സുഹൃത്ത് വെങ്കട് സായിയും ചേർന്ന് പ്രശാന്തിന് അമിതമായി മദ്യം നൽകിയശേഷം വീടിന്റെ ടെറസിൽ നിന്ന് താഴേക്ക് തള്ളിയിട്ടു. എന്നാൽ,വീഴ്ചയിൽ പരിക്കേറ്റതല്ലാതെ പ്രശാന്ത് മരിച്ചില്ല. മദ്യലഹരിയിൽ കാൽവഴുതി താഴേക്കുവീണു എന്നാണ് സന്ധ്യ എല്ലാവരോടും പറഞ്ഞത്.
പരിക്കേറ്റ പ്രശാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെയാണ് ഗൂഢാലോചനയുടെ രണ്ടാംഘട്ടം നടന്നത്. നഴ്സായ സന്ധ്യ ടോയ്‌ലറ്റ് ക്ലീനർ ഐവി ലൈനിൽ കുത്തിവയ്ക്കുകയായിരുന്നു. ഈ വിഷവസ്തു ശരീരത്തിലെത്തിയതോടെ പ്രശാന്ത് മരിച്ചു. മരണത്തിൽ സംശയമുന്നയിച്ച് പ്രശാന്തിന്റെ അമ്മ നൽകിയ പരാതിയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ക്രൂരകൊലപാതകം വെളിച്ചത്തുവന്നത്. പ്രതികൾ കുറ്റം സമ്മതിച്ചെങ്കിലും സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.