പുനലൂര്‍-ബെംഗളൂരു ബസ് സര്‍വീസ് തുടങ്ങി

പുനലൂര്‍ : കെ.എസ്.ആര്‍.ടി.സി.യുടെ പുനലൂര്‍ ഡിപ്പോയില്‍നിന്ന് ബെംഗളൂരുവിലേക്കുള്ള പ്രതിവാര സര്‍വീസ് പുനരാരംഭിച്ചു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചരയ്ക്ക് ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ സി. അജയപ്രസാദ് എം.എല്‍.എ. ബസിന് പച്ചക്കൊടികാട്ടി സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.എല്ലാ വ്യാഴാഴ്ചയും ഞായറാഴ്ചയും ഉച്ചയ്ക്കു മൂന്നിന് പുനലൂരില്‍നിന്ന് ബെംഗളൂരുവിലേക്കും തിരികെ വെള്ളിയാഴ്ച വൈകീട്ട് ആറിനും തിങ്കളാഴ്ച ഉച്ചയ്ക്ക് 3.30-നും ബെംഗളൂരുവില്‍നിന്ന് പുനലൂരിലേക്കും ബസ് സര്‍വീസ് നടത്തും. പത്തനംതിട്ട, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, മൂവാറ്റുപുഴ, തൃശ്ശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, സേലം, ഹൊസൂര്‍ വഴിയാണ് യാത്ര. 1,108 രൂപയാണ് ടിക്കറ്റ് നിരക്ക്. സര്‍വീസിനായി ഉപയോഗിക്കുന്നത് സൂപ്പര്‍ ഡീലക്‌സ് എയര്‍ബസാണ്. അന്തസ്സംസ്ഥാന പെര്‍മിറ്റുള്ള ബസുകളുടെ അഭാവംമൂലം മൂന്നുമാസമായി നിര്‍ത്തിവെച്ചിരുന്ന സര്‍വീസാണ് പുനരാരംഭിച്ചത്. നേരത്തേ സര്‍വീസ് കോട്ടയംവഴിയായിരുന്നു. അന്ന് വരുമാനം കുറവായിരുന്നതിനാല്‍ ഇപ്പോള്‍ കോട്ടയത്ത് പ്രവേശിക്കാതെ സര്‍വീസ് പുനഃക്രമീകരിച്ചിരിക്കുകയാണ്. കഴിഞ്ഞമാസം 25-ന് പുനലൂര്‍ ഡിപ്പോയില്‍ ചേര്‍ന്ന യോഗത്തില്‍, സര്‍വീസ് പുനഃക്രമീകരിക്കാന്‍ എം.എല്‍.എ. നിര്‍ദേശം നല്‍കിയിരുന്നു.
ഉദ്ഘാടനച്ചടങ്ങില്‍ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ കെ. രാജശേഖരന്‍, പുനലൂര്‍ സര്‍വീസ് സഹകരണബാങ്ക് വൈസ് പ്രസിഡന്റ് ജെ. ഡേവിഡ്, മുന്‍ നഗരസഭാ കൗണ്‍സിലര്‍ പ്രിയാ പിള്ള, പുനലൂര്‍ എ.ടി.ഒ. കെ.ബി.സാം, ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ ഷിബു, ഡിപ്പോ എന്‍ജിനിയര്‍ അനില്‍ എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *