വയനാട് മേപ്പാടിയിലെ മണ്ണിടിച്ചിൽ: ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; മരണം അഞ്ചായി

മേപ്പാടി: വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പാലത്തിന് സമീപമുള്ള കടയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അപകടത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നതാണ് ദൃശ്യങ്ങൾ.

മലമുകളിൽ നിന്ന് വൻതോതിൽ മണ്ണിടിഞ്ഞ് ശക്തമായി താഴേക്ക് പതിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ മീനാക്ഷിപ്പാലം പൂർണമായി മറികടന്ന് മണ്ണും ചെളിയും വെള്ളവും വേഗതയിൽ താഴേക്ക് കുതിച്ചൊഴുകി. റോഡിലുണ്ടായിരുന്ന വാഹനങ്ങൾ മണ്ണിലും ചെളിയിലും പെട്ട് തെന്നിനീങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം. പെട്ടെന്നുണ്ടായ ദുരന്തത്തിൽ നിന്ന് ഓടിരക്ഷപെടാൻ ആളുകൾ ശ്രമിക്കുന്നതും, ഇതിനിടയിൽ ചിലർ ശക്തമായ ഒഴുക്കിൽപ്പെട്ട് ഒഴുകിനീങ്ങുന്നതുമായ ഭീതി ജനിപ്പിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്.

ഇന്ന് ഉച്ചയോടെയാണ് വയനാട് കള്ളാടിയിൽ മീനാക്ഷിപാലത്തിന് സമീപം മണ്ണിടിഞ്ഞത്. അപകടത്തിൽ ഒരു വീടും പള്ളിയും പൂർണമായും തകർന്നിട്ടുണ്ട്. സ്ഥലത്തെ ബസ് സ്റ്റോപ്പും പാലവും മണ്ണിനടിയിലായി. അഞ്ചുപേർ മരിച്ചെന്നാണ് വിവരം. ഏഴ് പേരെ കാണാതായി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മന്ത്രിമാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *