പുനലൂര്‍ :ദേശീയപാതയും മലയോര ഹൈവേയുമടക്കം കിഴക്കന്‍മേഖലയിലെ നിരത്തുകള്‍ കാടുമൂടുമ്പോള്‍, ഇവ നീക്കംചെയ്യേണ്ട മരാമത്തുവകുപ്പിന്റെ കാര്യാലയങ്ങളുടെ വളപ്പും ‘കാടിനു’ നടുവില്‍. പുനലൂര്‍ ടി.ബി. ജങ്ഷനിലെ മരാമത്തുസമുച്ചയവളപ്പ് പുല്ലും വള്ളിപ്പടര്‍പ്പും നിറഞ്ഞ് ഇഴജന്തുക്കളുടെ താവളമാവുകയാണ്.
മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരുമുള്‍പ്പെടെ വിശ്രമിക്കാനും യോഗംചേരാനുമെത്തുന്ന െറസ്റ്റ് ഹൗസ്, മരാമത്തുവകുപ്പിന്റെ വിവിധ വിഭാഗങ്ങളുടെ സബ്ഡിവിഷന്‍, സെക്ഷന്‍ ഓഫീസുകള്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, കാന്റീന്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന വളപ്പിലാണ് ഈ സ്ഥിതി. ഓഫീസുകളുടെ പിന്നാമ്പുറത്തേക്ക് എത്തിപ്പെടാനാവാത്തവിധം കാട് വളര്‍ന്നുകഴിഞ്ഞു.
പുനലൂര്‍ പട്ടണമധ്യത്തിലൂടെ കടന്നുപോകുന്ന കൊല്ലം-തിരുമംഗലം ദേശീയപാതയിലും മലയോര ഹൈവേയിലുമുള്‍പ്പെടെ വശങ്ങളില്‍ കാടുമൂടിയതുമൂലം കാല്‍നടക്കാര്‍ ബുദ്ധിമുട്ടുന്ന വാര്‍ത്ത മാധ്യമങ്ങള്‍ പലതവണ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് യുവജനസംഘടനകളും ജനപ്രതിനിധികളും നാട്ടുകാരും പ്രതിഷേധമുയര്‍ത്തിയതോടെ ചിലയിടങ്ങളില്‍ മാത്രം കാടുതെളിച്ച് അധികൃതര്‍ തടിതപ്പി. എന്നാല്‍, പട്ടണത്തിന്റെ പരിധിയിലുള്ള ടി.ബി. ജങ്ഷനു സമീപത്തു വളര്‍ന്ന കാട് ഇനിയും നീക്കംചെയ്തിട്ടില്ല. ഇതിനിടെയാണ് മരാമത്തുസമുച്ചയത്തിന്റെ വളപ്പുതന്നെ കാടുമൂടിയത്. എം.പി.യും എം.എല്‍.എ.യുമുള്‍െപ്പടെ ഇടയ്ക്കിടെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കുന്ന റസ്റ്റ് ഹൗസ് പരിസരത്ത് വലിയതോതില്‍ കാട് വളര്‍ന്നിട്ടുണ്ട്.
ദേശീയപാത കാടുമൂടുന്നതില്‍ പ്രതിഷേധിച്ച് നഗരസഭയുടെ പത്തേക്കര്‍ വാര്‍ഡ് മുന്‍ കൗണ്‍സിലറും കേരള കോണ്‍ഗ്രസ്-ബി പുനലൂര്‍ നിയോജകമണ്ഡലം പ്രസിഡന്റുമായ ഷൈന്‍ ബാബു റോഡരികില്‍നിന്നു പിഴുതെടുത്ത പുല്ലുമായി മരാമത്തുവകുപ്പിന്റെ അസിസ്റ്റന്റ് എന്‍ജിനിയറുടെ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പുസമരം നടത്തിയത് മൂന്നാഴ്ച മുന്‍പാണ്. ഇതേത്തുടര്‍ന്ന് പൈനാപ്പിള്‍ ജങ്ഷനു സമീപം ഏതാനും ഭാഗത്ത് പുല്ല് നീക്കിയെങ്കിലും പാതയില്‍ പലയിടത്തും ഇപ്പോഴും കാടുമൂലം ഗതാഗതവും കാല്‍നടയും ബുദ്ധിമുട്ടാണ്.