ഹോര്‍മുസ് തുറന്നാല്‍ എണ്ണവില കുത്തനെ ഇടിയും

മുംബൈ: ഇറാനിലെ യുദ്ധം അവസാനിച്ച് ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ കുത്തൊഴുക്കാകുമെന്ന് ഫിച്ച് റേറ്റിങ്സ്. അതോടുകൂടി എണ്ണവില പൊടുന്നനെ കുറഞ്ഞുതുടങ്ങുമെന്നും ബ്രെന്റ് ക്രൂഡ് വില വീപ്പയ്ക്ക് 70 ഡോളറിലേക്ക് താഴുമെന്നും ഫിച്ച് റേറ്റിങ്സ് മാനേജിങ് ഡയറക്ടര്‍ ആഞ്ചലീന വലവീന പറഞ്ഞു. നിലവിലെ സ്ഥിതിഗതികള്‍ പരിഗണിച്ച് ജൂലായ് അവസാനത്തോടെ ഹോര്‍മുസ് തുറക്കാനുള്ള സാധ്യതകളാണ് ഇവര്‍ പറയുന്നത്.ഇപ്പോഴത്തെ എണ്ണവില വര്‍ധന ചരക്കുനീക്കത്തിലെ പ്രശ്നങ്ങള്‍കൊണ്ടുള്ള താത്കാലിക പ്രതിഭാസംമാത്രമാണ്. ഉത്പാദന നഷ്ടംകൊണ്ടുള്ള സ്ഥിരമായ വിലവര്‍ധനയായി ഇതിനെ കാണാനാകില്ല. ജൂലായിയോടെ ഹോര്‍മുസ് തുറക്കുകയാണെങ്കില്‍ അസംസ്‌കൃത എണ്ണയുടെ ലഭ്യത മാര്‍ച്ച് – ഏപ്രില്‍ മാസത്തിലേതിനു സമാനമായി ഉയരും. 2026 സെപ്റ്റംബറോടെ വിപണിയില്‍ ആവശ്യത്തിലധികം എണ്ണ എത്താനുള്ള സാധ്യതയാണ് കാണുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.ഗള്‍ഫ് മേഖലയില്‍ എണ്ണയുമായി ബന്ധപ്പെട്ട പശ്ചാത്തല സൗകര്യങ്ങള്‍ക്ക് കാര്യമായ നാശമൊന്നുമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ പശ്ചിമേഷ്യന്‍ പ്രതിസന്ധി അയയുന്നതോടെ ഉത്പാദനം വേഗത്തില്‍ വീണ്ടെടുക്കാനാകും. യുദ്ധത്തെത്തുടര്‍ന്ന് പതിനായിരത്തോളം എണ്ണക്കിണറുകളില്‍ ഉത്പാദനം നിര്‍ത്തിവെച്ചിട്ടുണ്ട്. ആഗോളതലത്തില്‍ എണ്ണയുത്പാദനത്തിന്റെ 15 ശതമാനത്തോളമാണ് ഇങ്ങനെ മുടങ്ങിക്കിടക്കുന്നത്. ഹോര്‍മുസ് തുറന്നാല്‍ എത്രയും വേഗം ഈ എണ്ണക്കിണറുകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചേക്കുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ കണക്കനുസരിച്ച് ഹോര്‍മുസ് അടച്ചതോടെ സൗദി അറേബ്യ, ഇറാഖ്, ഇറാന്‍, യു.എ.ഇ., കുവൈത്ത്, ഖത്തര്‍, ബഹറൈന്‍ എന്നീ രാജ്യങ്ങളിലെ എണ്ണയുത്പാദനം 45 ശതമാനംവരെ കുറഞ്ഞിട്ടുണ്ട്.വിതരണം ശക്തിപ്പെട്ടാല്‍ വില കുറഞ്ഞു തുടങ്ങും. ഓഗസ്റ്റോടെ വില വീപ്പയ്ക്ക് 80 ഡോളറിലേക്കും സെപ്റ്റംബറോടെ 70 ഡോളറിലേക്കും കുറയാനുള്ള സാധ്യതയാണ് കാണുന്നതെന്ന് ഫിച്ച് പറയുന്നു. ആഗോള എണ്ണനീക്കത്തിന്റെ 20 ശതമാനംവരെയാണ് ഹോര്‍മുസിനു സ്വന്തമായുള്ളത്. അതുകൊണ്ടുതന്നെ ഈ കടലിടുക്ക് തുറക്കുന്നത് എണ്ണവിപണിയെ സംബന്ധിച്ച് നിര്‍ണായകമാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *