ജക്കാര്‍ത്ത: ഇന്ത്യയും ഇന്‍ഡൊനേഷ്യയും തമ്മിലുള്ള കൗതുകകരമായ ബന്ധം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ജക്കാര്‍ത്തയിലെ ഇന്ത്യന്‍ സമൂഹവുമായി സംവദിക്കുന്നതിനിടയിലാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിലെ ‘ഗണിത കൗതുകം’ പ്രധാനമന്ത്രി വിശദീകരിച്ചത്. ‘എട്ട്’ എന്നാല്‍ ഇന്ത്യയ്ക്കും ഇന്‍ഡൊനേഷ്യയ്ക്കും പ്രധാനപ്പെട്ടതാണെന്ന് മോദി പറഞ്ഞത് ഇന്ത്യന്‍ പൗരന്മാരില്‍ കൗതുകവും പുഞ്ചിരിയുമുണ്ടാക്കി.
ഇന്ത്യയുടെ റിപ്പബ്ലിക് ദിനം ജനുവരി 26-നാണ്. 2, 6 എന്നീ സംഖ്യകള്‍ കൂട്ടിയാല്‍ 8 എന്ന ഉത്തരം കിട്ടും. ഇന്‍ഡൊനേഷ്യന്‍ പ്രസിഡന്റ് പ്രഭോവോ സുബിയാന്തോയുടെ ജന്മദിനം 17-നാണ്. 1, 7 എന്നീ സംഖ്യകള്‍ ചേര്‍ത്താലും 8 എന്ന ഉത്തരം കിട്ടും. 8 എന്നാല്‍ ഇന്ത്യയ്ക്കും ഇന്‍ഡൊനേഷ്യയ്ക്കും പ്രധാനപ്പെട്ടതാണെന്ന് മോദി വിശദീകരിച്ചു. പ്രധാനമന്ത്രിയുടെ വിശദീകരണം ഇന്ത്യന്‍ സമൂഹത്തിന്റെയും
ഇന്‍ഡൊനേഷ്യന്‍ പ്രതിനിധികളുടെയും കൈയടി നേടി. പുഞ്ചിരി പടര്‍ത്തി, കയ്യടിയോടെയാണ് അവര്‍ മോദിയുടെ വാക്കുകളെ സ്വാഗതം ചെയ്തത്.
കഴിഞ്ഞവര്‍ഷം ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പ്രസിഡന്റ് സുബിയാന്തോ മുഖ്യാതിഥിയായിരുന്നുവെന്നും പ്രധാനമന്ത്രി മോദി അനുസ്മരിച്ചു. ഇന്ത്യയുടെ ഡിഎന്‍എ തന്നിലുണ്ടെന്ന ഇന്തോനേഷ്യന്‍ പ്രസിഡന്റിന്റെ പരാമര്‍ശം ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിയെന്ന് മോദി പറഞ്ഞു. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സൗഹൃദം ചരിത്രപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണെന്നും മോദി ആവര്‍ത്തിച്ചു.