മുംബൈ: നവി മുംബൈയിൽ 11 മാസം മുൻപ് നടന്ന അതിക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്. 50-കാരനായ ഭർത്താവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം മൂന്ന് കഷണങ്ങളാക്കി കാട്ടിൽ തള്ളിയ സംഭവത്തിൽ നാൽപതുകാരിയായ ഭാര്യയെയും കാമുകനെയും നവി മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഐരോളി സ്വദേശിയായ ബലിറാം സൂര്യനാഥ് കുശ്വാഹയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ സുനിത കുശ്വാഹ (40), കാമുകനും ഓട്ടോ ഡ്രൈവറുമായ രാഹുൽ ദശരഥ് പ്രജാപതി (30) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. പ്രതികൾ അൻപതുകാരനെ കൊന്ന് ചാക്കുകളിലാക്കി ഗാവ്ലി ദേവ് വനമേഖലയിൽ തളളുകയായിരുന്നു.
ഐരോളിയിൽ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്ന ബലിറാം, ഭാര്യ സുനിതയ്ക്ക് ഓട്ടോ ഡ്രൈവറായ രാഹുലുമായി ഉള്ള അവിഹിത ബന്ധം കണ്ടെത്തുകയും ഇതിനെ ശക്തമായി എതിർക്കുകയും ചെയ്തിരുന്നു. ഇതോടെ ഇരുവരും ചേർന്ന് ബലിറാമിനെ വകവരുത്താൻ പദ്ധതിയിടുകയായിരുന്നു. 2025 ഓഗസ്റ്റ് 9-നായിരുന്നു കൊലപാതകം നടന്നത്. മക്കളെ ബന്ധുവിന്റെ വീട്ടിലേക്ക് അയച്ച ശേഷമാണ് പ്രതികൾ കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന ബലിറാമിനെ സുനിതയും രാഹുലും ചേർന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയും പിന്നീട് കഴുത്തറുക്കുകയും ചെയ്തു.
തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം മൂന്ന് കഷണങ്ങളാക്കി ചാക്കുകളിലാക്കി. തുടർന്ന് രാഹുലിന്റെ ഓട്ടോറിക്ഷയിൽ കയറ്റി നവി മുംബൈയിലെ ഗവ്‌ലി ദേവ് കുന്നുകളിലെ വനപ്രദേശത്ത് പലയിടങ്ങളിലായി ഉപേക്ഷിച്ചു. കൊലപാതകത്തിന് ശേഷം സുനിത താമസിച്ചിരുന്ന വീട് വാടകയ്ക്ക് നൽകുകയും മക്കളോടൊപ്പം ഘൻസോളി എന്ന സ്ഥലത്തേക്ക് താമസം മാറുകയും ചെയ്തു. പിടിയിലാകാതിരിക്കാൻ ഇരുവരും നിരന്തരം ഫോണുകളും സിം കാർഡുകളും മാറ്റിയിരുന്നു. ബലിറാമിനെ കാണാതായി മാസങ്ങൾ കഴിഞ്ഞിട്ടും വിവരമൊന്നുമില്ലാത്തതിനെ തുടർന്ന് ഈ വർഷം ഏപ്രിലിൽ ഇയാളുടെ സഹോദരൻ സുനിതയെ കാണാനെത്തി. എന്നാൽ സുനിതയുടെ മറുപടികളിൽ സംശയം തോന്നിയ സഹോദരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.